ഊരുട്ടമ്പലം ഗവ. യുപി സ്‌കൂള്‍, ഇനി അയ്യങ്കാളി-പഞ്ചമി സ്മാരക സ്‌കൂള്‍

post

ഒരിക്കല്‍ പഞ്ചമിക്ക് വിദ്യാഭ്യാസം നിഷേധിച്ച സ്‌കൂള്‍ ഇനി പഞ്ചമിയുടെ പേരിലറിയപ്പെടും. ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി-പഞ്ചമി സ്മാരക സ്‌കൂളായി പുനര്‍നാമകരണം ചെയ്തു. കെട്ടിട നിര്‍മാണത്തിനും സ്മാര്‍ട്ട് ക്ലാസ്റുമുള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1.87 കോടി രൂപയും, 2.5 കോടി രൂപയുടെ ഗവ.എല്‍ പി സ്‌കൂള്‍ വികസനവും പഞ്ചമി മ്യൂസിയ നിര്‍മാണമുള്‍പ്പെടെ ഗവ യു പി സ്‌കൂള്‍ വികസനവും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനേകം വരുന്ന ജനവിഭാഗങ്ങള്‍ക്ക് അയ്യങ്കാളി പ്രതീക്ഷയേകുമ്പോള്‍ അരികുവത്കരിക്കപ്പെട്ട ഒരു ജനതയുടെ പ്രതിനിധിയാണ് ഇന്ന് പഞ്ചമി.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വലമായ ഏടാണ് 1914 ലെ പഞ്ചമിയുടെ വിദ്യാലയ പ്രവേശനം. പഞ്ചമിയുടെ പ്രവേശനം അംഗീകരിക്കാത്തവര്‍ വിദ്യാലയം തന്നെ കത്തിക്കുകയുണ്ടായി. എന്നാല്‍ കത്തിച്ചവര്‍ ചരിത്രത്തില്‍ നിന്ന് മായ്ക്കപ്പെടുകയും പഞ്ചമിയെ ഇന്നും സ്മരിക്കുകയും ചെയ്യുന്നു. അന്ന് അയ്യങ്കാളി പഞ്ചമിയെ കൈപിടിച്ചുയര്‍ത്തിയത് ചരിത്രത്തിലേക്ക് കൂടിയാണ്. അയ്യങ്കാളിയുടെ ഈ നടപടി സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വത്തിനും ഉച്ചനീചിത്വങ്ങള്‍ക്കെതിരെയുള്ള ഒരു വെല്ലുവിളികൂടിയായിരുന്നു.

അയ്യങ്കാളി ആ കാലഘട്ടത്തില്‍ ശ്രീമൂലം പ്രജ സഭയിലുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പിന്‍തുടര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷ യജ്ഞം. അന്ന് ശ്രീമൂലം പ്രജ സഭ ചേര്‍ന്ന വി ജെ ടി ഹാള്‍ ഈ സര്‍ക്കാര്‍ അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.

ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രമാക്കി ചരിത്രത്തെ മാറ്റാന്‍ ശ്രമിച്ചു കൊണ്ട് ചരിത്ര സ്മാരകങ്ങളടക്കം ഈ രീതിയില്‍ പുനര്‍നാമകരണം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എണ്ണമറ്റ സമരങ്ങളുടെ ചരിത്രമുള്ള നമ്മുടെ നാട്ടില്‍ ജാതിവിവേചനത്തിനെതിരായി പോരാടിയ അയ്യങ്കാളിയുടെ സ്മരണ കെടാതെ സൂക്ഷിക്കണം. യാത്ര നിഷേധിച്ച വഴികളിലൂടെ വില്ലു വണ്ടി യാത്ര നടത്തിയ അവര്‍ണര്‍ക്കു വേണ്ടി വാദിച്ച അയ്യങ്കാളിയുടെ ജീവിതം അസമത്വത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് എന്നും പ്രചോദനമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും സമാന്തരധാരകളായി അയിത്തത്തിനും തൊട്ടുകൂടായ്മക്കുമെതിരായി പോരാടി. എന്നാല്‍ നവോത്ഥാന പ്രസ്ഥാനം ശക്തമായിരുന്ന രാജ്യത്തെ പലയിടങ്ങളിലും പിന്നീട് തുടര്‍ച്ചയുണ്ടായില്ല. എന്നാല്‍ കേരളത്തില്‍ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആശയങ്ങള്‍ക്ക് സാമ്പത്തിക ഉള്ളടക്കം നല്‍കി അസമത്വങ്ങള്‍ക്കെതിരായ സമീപനം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യങ്കാളി-പഞ്ചമി സ്മാരക സ്‌കൂളായി പുനര്‍നാമകരണം ചെയ്തത് കേരളത്തിന്റെ വിദ്യാഭ്യാത്തിലെ ചരിത്രത്തിലെ വിപ്ലവകരമായ അധ്യായം തന്നെയാണ്.