ലോക മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്

post

ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ അഞ്ചിനു വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി പ്രദർശനം, സെമിനാർ, സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രശ്നോത്തരി, കർഷകരുടെ സാംസ്കാരിക പരിപാടി തുടങ്ങിയവയും സംഘടിപ്പിക്കും.

മണ്ണിന്റെ ആരോഗ്യ പരിപാലനത്തിന്റെ പ്രസക്തി മനസിലാക്കി മണ്ണ് സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ഡിസംബർ 5 ലോക മണ്ണ് ദിനമായി ആചരിച്ചു വരുന്നു. “മണ്ണ് അന്നത്തിന്റെ ഉറവിടം” (Soil: where food begins) എന്ന വിഷയം മുഖ്യ പ്രമേയമാക്കിയാണ് ഈ വർഷത്തെ ലോകമണ്ണ് ദിനാചരണം സംഘടിപ്പിക്കുന്നത്. മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തി ആരോഗ്യ പരിപാലനത്തിലൂടെ പോഷകസമ്പന്നമായ ഭക്ഷ്യോത്പാദനം ഉറപ്പാക്കുവാനും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുവാനും സാധിക്കും.

ഭക്ഷ്യസുരക്ഷയുടെ നെടുംതൂണായ ജീവസുറ്റ മണ്ണ് സംക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരിൽ അവബോധം സൃഷ്ടിക്കുവാനായി ഈ വർഷം ലോകമണ്ണു ദിനാചരണം മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സംസ്ഥാനമൊട്ടാകെ സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.