അംബേദ്കർ മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു

post

ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2022 ലെ മാധ്യമ അവാർഡുകൾ പ്രഖ്യപിച്ചു. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6ന് വൈകിട്ട് അഞ്ചിനു പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി കെ രാധാകൃഷ്ണൻ അവാർഡുകൾ സമ്മാനിക്കും.

അച്ചടി മാധ്യമ വിഭാഗത്തിൽ കേരള കൗമുദി കണ്ണൂർ ബ്യൂറോ ചീഫ് ഒ.സി. മോഹൻരാജ് തയ്യാറാക്കിയ 'ഊരുകളിൽ നിന്ന് ഉയരെ' എന്ന ലേഖന പരമ്പരയ്ക്കാണ് അവാർഡ്. രാഷ്ട്രദീപിക സ്പെഷ്യൽ കറസ്പോണ്ടന്റ് റെജി ജോസഫ് തയ്യാറാക്കിയ 'ഗോത്രവനിതകളുടെ വിജയശ്രീ' എന്ന പരമ്പരയും മാധ്യമം ദിനപത്രത്തിൽ സീനിയർ കറസ്പോണ്ടന്റ് എം.സി. നിഹ്‌മത്ത് തയ്യാറാക്കിയ 'അയിത്തം വിളയുന്ന വഴികൾ' എന്ന പരമ്പരയും പ്രത്യേക ജൂറി പുരസ്‌ക്കാരത്തിന് അർഹമായി.

ദൃശ്യ മാധ്യമ വിഭാഗത്തിൽ മീഡിയവൺ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദ് തയ്യാറാക്കിയ 'അക്ഷരം പൂക്കാത്ത കാട്ടുചോലകൾ' എന്ന റിപ്പോർട്ടിനാണ് അവാർഡ്. അച്ചടി വിഭാഗത്തിൽ 20, ദൃശ്യ വിഭാഗത്തിൽ 13 വീതം എൻട്രികൾ ലഭിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിർണ്ണയിച്ചത്.

ആദിവാസി ഊരുകളിലെ വിദ്യഭ്യാസ രംഗത്തുണ്ടായ അതിശയകരമായ മാറങ്ങളുടെ സമഗ്ര വിവരണമാണ് ഒ.സി. മോഹൻരാജിന്റെ 'ഊരുകളിൽ നിന്ന് ഉയരെ' എന്ന പരമ്പര. സർക്കാർ സംവിധാനത്തിന്റെ ഇടപെടലുകളും പോരായ്മകളും ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവിടങ്ങളിൽ നില നിൽക്കുന്ന സാമൂഹ്യസത്യങ്ങളും പരമ്പരയിൽ വിവരിക്കുന്നു.

'ഗോത്രവനിതകളുടെ വിജയശ്രീ' ആദിവാസി ഗോത്രങ്ങളിലെ കുടുംബശ്രീ പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ടാണ്. 'അയിത്തം വിളയുന്ന വഴികൾ' എന്ന വാർത്താപരമ്പര അതിർത്തി ഗ്രാമങ്ങളെ പറ്റിയുള്ള റിപ്പോർട്ടാണ്. ചോലനായ്ക വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താത്തിന്റെ കാരണങ്ങൾ വിശദമാക്കുന്നതാണ് സോഫിയ ബിന്ദിന്റെ 'അക്ഷരം പൂക്കാത്ത കാട്ടുചോലകൾ' എന്ന റിപ്പോർട്ട്.