ടാറ്റ ആശുപത്രി സ്പെഷ്യാലിറ്റിയായി ഉയര്‍ത്തണം

post

കാസർകോട്: കോവിഡ് കാലത്ത് ചട്ടഞ്ചാല്‍ തെക്കിലില്‍ ആരംഭിച്ച ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രി സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ നിലനിര്‍ത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റണം. ജോലിക്രമീകരണം വഴി ഇവിടെയുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും മാറ്റുന്നത് സ്ഥാപനം അടച്ചിട്ടതായ പ്രതീതി വരുത്തുമെന്നും നിലവില്‍ ഒ.പി സംവിധാനത്തോട് കൂടിയെങ്കിലും ആശുപത്രി പ്രവര്‍ത്തനം മുന്നോട്ട് പോകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു.

മൂന്ന് ആഴ്ചയായി ടാറ്റ ആശുപത്രിയില്‍. രോഗികള്‍ ഇല്ലെന്നും ടാറ്റ ആശുപത്രിയെ സ്പെഷ്യാലിറ്റി സംവിധാനത്തോട് കൂടി ഉയര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ മന്ത്രിതലത്തില്‍ നടത്തിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ജീവനക്കാരുടെ കുറവ് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലുള്‍പ്പെടെ ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ആരോഗ്യവകുപ്പില്‍ വിവിധ വിഭാഗങ്ങളിലായി 304 ഒഴിവുകളുണ്ടെന്നും, ഇതില്‍ 49 ഡോക്ടര്‍മാരുടെ ഒഴിവുകളാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. 39 ഡോക്ടര്‍മാരെ പി.എസ്.സി നിയമിച്ചെങ്കിലും ഒരാള്‍ മാത്രമാണ് ജോലിക്കെത്തിയത്. ഉപരിപഠനത്തിനായി ഈ ഡോക്ടറും പോയി. താത്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചെങ്കിലും ഉദ്യോഗാര്‍ഥികളെത്തുന്നില്ലെന്നും ഡി.എം.ഒ അറിയിച്ചു.

ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതും നിരവധി ജീവനുകള്‍ പൊലിയുന്നതും ചൂണ്ടിക്കാട്ടിയ എം.എല്‍.എമാര്‍ റോഡ് സുരക്ഷാ വിഭാഗത്തിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.

പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഭൂരഹിതര്‍ക്കുള്ള ഭൂമി ലഭ്യമാക്കുന്നതിനുള്ള സര്‍വേ നടപടികള്‍ ആരംഭിക്കണമെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ദേശീയപാതയുടെ പ്രവൃത്തികളുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെര്‍ക്കള-ജാല്‍സൂര്‍ പാതയില്‍ മുള്ളേരിയ കഴിഞ്ഞുള്ള ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ശബരിമല സീസണില്‍ ഇതരസംസ്ഥാനത്ത് നിന്നും രാത്രി സമയങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ അപകട സാധ്യതയുണ്ടെന്നും കുഴികള്‍ അടക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. മലയോര ഹൈവേയില്‍ പാണ്ടി-പള്ളഞ്ചി ഭാഗത്ത് റോഡ് നിര്‍മ്മാണത്തിലെ തടസങ്ങള്‍ പരിഹരിച്ച് വേഗത്തില്‍ പൂര്‍ത്തീകരിക്കണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ടെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് വിദ്യാനഗറിലേക്ക് മാറ്റരുതെന്നും കാസര്‍കോട് തന്നെ നിലര്‍ത്തണമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ ഭിന്നശേഷിക്കാരുടെ മെഡിക്കല്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ അദാലത്ത് നടത്തി തീര്‍പ്പാക്കണം. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചിമുറികളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ശുചിമുറികള്‍ പരിശോധിക്കാന്‍ അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ പഞ്ചായത്ത് ജോ.ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

നീലേശ്വരം, ചെറുവത്തൂര്‍ മിനി സിവില്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്നും എം.രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാലന്തടത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണം. കോവിഡ് കാലത്ത് നിര്‍ത്തിയ കൊന്നക്കാട്- എളേരിത്തട്ട്-പുലിയന്നൂര്‍-പറശിനിക്കടവ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഈ മാസം തന്നെ ആരംഭിക്കണമെന്നും മലയോരജനതയുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ ആധുനിക മോര്‍ച്ചറി സംവിധാനമുണ്ടെങ്കിലും പോസ്റ്റ് മോര്‍ട്ടം നടത്തുന്നില്ലെന്ന് എ.കെ.എം.അഷ്റഫ് എം.എല്‍.എ പറഞ്ഞു. ഇവിടെ ഫോറന്‍സിക് സര്‍ജനെ നിയമിച്ച് പോസ്റ്റ്മോര്‍ട്ടം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണം. മംഗളൂരുവില്‍ ഉപരി പഠനത്തിന് പോകുന്ന അതിര്‍ത്തി മേഖലയിലെ കുട്ടികള്‍ക്ക് യാത്രാ ഇളവുകള്‍ നല്‍കാന്‍ കേരള ആര്‍.ടി.സി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡുകള്‍ കൃത്യമായി ഒരുക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. ചെര്‍ക്കള- ബേവിഞ്ച ഭാഗത്തുണ്ടാകുന്ന യാത്രാ പ്രശ്നത്തിന് പരിഹാരം കാണണം. ദേശീയ പാതയുടെ സമീപത്തുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള പ്രശ്നം പരിഹരിക്കുന്നത് ഗൗരവമായി കാണണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പറഞ്ഞു.