രണ്ട് നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍

post

കൊല്ലം: നാരീശക്തി പുരസ്‌കാര നേട്ടത്തിലൂടെ കേരളത്തിന്റെ അഭിമാനമായ അക്ഷരമുത്തശ്ശിമാര്‍ ആദ്യമായി കണ്ടുമുട്ടി. രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചെത്തിയ കാര്‍ത്ത്യായനിയമ്മയാണ് ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ പ്രാക്കുളം നമ്പാളിയഴികത്ത് വീട്ടിലെത്തി ഭാഗീരഥിയമ്മയെ സന്ദര്‍ശിച്ചത്. പരസ്പരം കാണണമെന്നുള്ള ഇരുവരുടെയും ദീര്‍ഘനാളായുള്ള ആഗ്രഹമാണ് സഫലമായത്.

ഡല്‍ഹി വിശേഷങ്ങളും രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ടതിന്റെ ആഹ്ലാദവും കാര്‍ത്ത്യായനിയമ്മ പങ്കുവച്ചു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഭാഗീരഥിയമ്മ കൂടെയുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ മൂലം ഡല്‍ഹി സന്ദര്‍ശനം ഒഴിവാക്കിയ ഭാഗീരഥിയമ്മ അക്ഷരവഴിയിലെ തന്റെ കൂട്ടുകാരിയെ ആശ്ലേഷിച്ചും പാട്ടുപാടിയും സ്‌നേഹം പ്രകടിപ്പിച്ചു. തൊണ്ണൂറ്റിയാറും നൂറ്റിയഞ്ചും വയസുള്ള അമ്മമാര്‍ കുട്ടികളെപ്പോലെ ഭാവി പഠനത്തെക്കുറിച്ച് സംസാരിച്ചത് കണ്ടുനിന്നവരില്‍ ചിരിപടര്‍ത്തി.

നേരത്തെ കൊല്ലം കലക്‌ട്രേറ്റിലെത്തി തന്റെ പുരസ്‌കാര യാത്രയുടെ ഏകോപനം നടത്തിയ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിനെ കാര്‍ത്ത്യായനിയമ്മ സന്ദര്‍ശിച്ചു. കലക്ടര്‍ പൊന്നാടയണിയിച്ച് പുരസ്‌കാര ജേതാവിനെ ആദരിച്ചു. സ്‌നേഹ സമ്മാനമായി തന്റെ കൈയ്യില്‍ കരുതിയ ഷാള്‍ കലക്ടറുടെ കഴുത്തിലണിയിച്ച് അവര്‍ കലക്‌ട്രേറ്റിന്റെ പടികള്‍ ഇറങ്ങി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കെ പ്രദീപ്കുമാര്‍, സാക്ഷരതാ പരിശീലക സതി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.