സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിപുലമായ താമസ സൗകര്യങ്ങള്‍

post

ഒരേസമയം 17,017 ഭക്തര്‍ക്ക് താമസസൗകര്യം

സ്‌പോട്ട് ബുക്കിങ്ങിന് 454 മുറികളും ഓണ്‍ലൈന്‍ ബുക്കിങ്ങിന് 104 മുറികളും

മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിപുലമായ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിദിനം ശരാശരി 80000 തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. കനത്ത സുരക്ഷ മുന്‍നിര്‍ത്തി വിവിധ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയ ശേഷമാണ് അയ്യപ്പഭക്തര്‍ സന്നിധാനത്ത് എത്തുന്നത്.

സന്നിധാനത്ത് ഒരേസമയം 17,017 ഭക്തര്‍ക്കുള്ള താമസ സൗകര്യമുണ്ട്. കുറഞ്ഞ ചിലവില്‍ രണ്ടുപേര്‍ക്ക് 12 മണിക്കൂര്‍ താമസിക്കാന്‍ കഴിയുന്ന പ്രണവം ഗസ്റ്റ് ഹൗസിന് 250 രൂപയാണ് നിരക്ക്. കൂട്ടമായി എത്തുന്ന അയ്യപ്പ സംഘങ്ങള്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യവും വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമേ സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന 6200 ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും സജ്ജമാണ്. ഭക്തജനങ്ങള്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ഓണ്‍ലൈന്‍ ബുക്കിലൂടെയും മുറികള്‍ ബുക്ക് ചെയ്യാം. സ്‌പോട്ട് ബുക്കിങ്ങിനായി 454 മുറികളും ഓണ്‍ലൈന്‍ ബുക്കിങ്ങിനായി 104 മുറികളുമാണ് മാറ്റിവെച്ചിരിക്കുന്നത്. സ്‌പോട്ട് ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കേണ്ടതാണ്.

വലിയ നടപ്പന്തല്‍ താഴെയും മുകളിലുമായും, മഗുണ്ട, മാളികപ്പുറം എന്നിവിടങ്ങളിലായി മേല്‍ക്കൂരയുള്ള സൗജന്യ വിരി അയ്യപ്പഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ട്. കൃത്യമായ ശുചീകരണത്തോടെയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെയുമാണ് മണ്ഡലകാലം നടക്കുന്നത്. 1169 ശൗചാലയങ്ങളാണ് സന്നിധാനത്ത് മാത്രം ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ 160 കുളിമുറികളും സുസജ്ജമാണ്. 400 വേസ്റ്റ് ബിന്നുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ആരോഗ്യപരിപാലനത്തിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 24 മണിക്കൂറും പ്രവര്‍ത്തനം നടത്തുന്നു നാല് ആശുപത്രികള്‍, അടിയന്തര വൈദ്യസഹായത്തിന് അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ എന്നിവയും ഉണ്ട്. ഭക്തജനങ്ങള്‍ക്ക് എല്ലാവിധ വിവരങ്ങളും നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററും സന്നിധാനത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്; ഫോണ്‍ 04735 202049.