മെഡിക്കൽ കോളജിന് പുതിയ ബസ് ഫ്ളാ​ഗ് ഓഫ് ചെയ്തു

post

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് അനുവദിച്ച ബസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മവും മെഡിക്കൽ വിദ്യാർത്ഥികൾ മുഖേന നടത്തുന്ന കുടുംബങ്ങളെ ദത്തെടുക്കൽ പദ്ധതിയും തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 23.33 ലക്ഷം രൂപ ചെലവിട്ടാണ് ബസ് ലഭ്യമാക്കിയത്.

മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി വിഭാഗത്തിന്റെ ഗ്രാമീണ പഠന, ദത്തെടുക്കൽ, സേവന പ്രവർത്തനങ്ങൾക്കായാണ് ബസ് ഉപയോഗപ്പെടുത്തുക. കുടുംബങ്ങളെ ദത്തെടുക്കൽ, ഗ്രാമീണ പഠന പദ്ധതി വഴി ഒരു മെഡിക്കൽ വിദ്യാർത്ഥി തിരെഞ്ഞെടുക്കപ്പെടുന്ന ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങളെയാണ് ദത്തെടുക്കുന്നത്. ദത്തെടുക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ അടുത്ത അഞ്ചു വർഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഭ്യമാക്കും.