സയ്യിദ് മിർസ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

post

വിഖ്യാത ചലച്ചിത്രകാരൻ സയ്യിദ് അക്തർ മിർസയെ കോട്ടയം കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ കൂടിയായ മിർസ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥാന്തരങ്ങൾ ശക്തമായി പ്രതിപാദിച്ച, ഇന്ത്യൻ സമാന്തര സിനിമാ മേഖലയിലെ കരുത്തുറ്റ സംവിധായകരിൽ ഒരാളാണ്. 2021 ൽ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ ആയിരുന്നു അദ്ദേഹം. മിർസയുടെ നിയമനം വളരെ അഭിമാനകരമായ ഒന്നായാണ് സർക്കാർ കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 


കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിനെ ദേശീയതലത്തിൽ അറിയപ്പെടുന്ന മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് സയ്യിദ് മിർസ പ്രതികരിച്ചു. സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് മികവിനെ കേന്ദ്രമാക്കി സ്ഥാപനത്തെ വളർത്തിയെടുക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 


സിനിമാ മേഖലയിലെ പ്രഗത്ഭരെ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ച് വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്ന മാസ്റ്റേഴ്സ് ആൻഡ് റസിഡന്റ്സ് പ്രോഗ്രാം 


ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിയമനവും ഉടൻ തന്നെ ഉണ്ടാകും എന്ന് മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച മിർസ അദ്ദേഹവുമായി ആശയ വിനിമയം നടത്തി.