പുള്ളിപ്പാടം തൂക്കുപാലം പുനര്‍ നിര്‍മാണത്തി 3.42 കോടിയുടെ ഭരണാനുമതി

post

വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുള്ളിപ്പാടം തൂക്കു പാലം പുനര്‍ നിര്‍മാണത്തിന് മൂന്ന് കോടി 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എ.പി അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. 2019 ലെ മഹാപ്രളയത്തിലാണ് മമ്പാട് ഗ്രാമ പഞ്ചായത്തിലെ പൊതുജനങ്ങളും വിദ്യാര്‍ഥികളും ആശ്രയിച്ചിരുന്ന ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പുള്ളിപ്പാടം തൂക്കു പാലം പൂര്‍ണമായും തകര്‍ന്നത്.

പാലം പുനര്‍നിര്‍മിക്കുന്നതിനായി 2020 മെയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി 81 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചില്ല. പ്രവൃത്തി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് എ.പി.അനില്‍കുമാര്‍ എം.എല്‍.എ. മുഖ്യമന്ത്രിയോടും, തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

പുള്ളിപ്പാടം തൂക്കുപാലത്തിന്റെ ഭരണാനുമതി തുക രണ്ട് കോടി 81 ലക്ഷത്തില്‍ നിന്ന് മൂന്ന് കോടി 42 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ് എ.പി.അനില്‍കുമാര്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയില്‍ പറഞ്ഞു.