സായുധസേനാ പതാക ദിനം ആചരിച്ചു

post

ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ സായുധസേനാ പതാക ദിനാഘോഷവും പതാക വിതരണ ഉദ്ഘാടനവും വിമുക്തഭടന്മാര്‍ക്കുള്ള ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. കട്ടപ്പന മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനും യോദ്ധാക്കളെയും വിമുക്ത ഭടന്‍മാരെയും സ്മരിക്കുന്നതിനുമാണ് ഡിസംബര്‍ 7 ന് സായുധസേനാ പതാക ദിനം ആചരിക്കുന്നത്.

ചടങ്ങില്‍ ടോക്കണ്‍ ഫ്‌ളാഗുകളും കാര്‍ ഫ്‌ളാഗുകളും വിതരണം ചെയ്ത് വിമുക്ത ഭടന്മാരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനായുള്ള പതാക ദിന ഫണ്ട് ശേഖരണവും നടന്നു. ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്.നായര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഡിജിറ്റല്‍ ബാങ്കിങ്, സ്പര്‍ശ് എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.