കാൽപന്ത് കളിയഴക് വലിയ സ്ക്രീനിൽ കാണാം
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഒരുമിച്ചിരുന്ന് ആഘോഷപൂർവം കാണുന്നതിന് തലശ്ശേരിയിൽ വേദിയൊരുങ്ങി. അറബിക്കടലിരമ്പത്തിനൊപ്പം സ്റ്റേഡിയത്തിലെ ആരവവും ആഘോഷവും വലിയ സ്ക്രീനിൽ കണ്ടാനന്ദിക്കാൻ തലശ്ശേരി ഓവർബറീസ് ഫോളിയിലാണ് സ്ക്രീൻ ഒരുക്കിയത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കൗൺസിലിന്റെയും നേതൃത്വത്തിലാണിത്. പൊതുജനങ്ങൾക്ക് ലോക കപ്പ് പ്രവചന മത്സരവും സമ്മാനപദ്ധതിയും ഒരുക്കിയിട്ടുണ്ട്.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. മുന്നൂറിലേറെ പേർക്ക് ഇരുന്ന് കളികാണാനുള്ള സൗകര്യമാണുള്ളതെന്ന് സംഘാടകർ പറഞ്ഞു. മത്സരങ്ങൾ നടക്കുന്ന സമയത്ത് ഫോളിയിലെ ലഘു ഭക്ഷണശാലയും പ്രവർത്തിക്കും. പത്ത് രൂപയാണ് പ്രവേശന ഫീസ്.