ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കല്‍ പ്രധാനം

post

ആലപ്പുഴ : കൊറോണ വൈറസ് പ്രതിരോധത്തിനായി മുഖാവരണം ഉപയോഗിക്കുന്നതിനേക്കാള്‍ പ്രധാനം ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കല്‍ ആണെന്ന്  വണ്ടാനം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സൈറു ഫിലിപ്പ് പറഞ്ഞു. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും, രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും വിദേശത്തുനിന്നു വന്നവരും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്രയും ദിവസം ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ തീര്‍ച്ചയായും പോകരുത്.

രോഗം വരില്ലെന്ന അമിത ആത്മവിശ്വാസത്തോടെ മുഖാവരണവമായി ആള്‍ക്കൂട്ടത്തില്‍ ഇറങ്ങുന്നതും ശുചിത്വത്തെക്കുറിച്ചുള്ള  ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതും അപകടകരമാണെന്നും ഡോക്ടര്‍ സൈറു ഫിലിപ്പ് പറഞ്ഞു.

ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും രോഗം പകരാന്‍ കാരണമാകും. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങള്‍ മാസ്‌കിനേക്കാള്‍ തൂവാല ഉപയോഗിക്കുന്നതാണ് സൗകര്യപ്രദം. ഈ തൂവാല ശുചിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

എന്നാല്‍ ആശുപത്രിയിലേക്ക് ചെറിയ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി  വരുന്ന രോഗികള്‍ക്ക് മാസ്‌ക് ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ആണിത്. ഒപിയിലെ ഡോക്ടര്‍മാര്‍, ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ മൂന്നു ലെയര്‍ മാസ്‌ക് ആണ് ഉപയോഗിക്കുക. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും എന്‍95 മാസ്‌ക്  ഉപയോഗിക്കണം.