ശബരിമലയില്‍ തിങ്കളാഴ്ചത്തെ ബുക്കിംഗ് 1,07,260; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍

post

ശബരിമലയില്‍ ഡിസംബര്‍ 12 ന്‌ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 പേരാണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ് വരുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി സെഗ്മെന്റുകളായി തിരിച്ച് ഘട്ടം ഘട്ടമായേ കടത്തി വിടുകയുള്ളൂ. ഇതിനായി ഒരോ പോയിന്റുകളിലും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഭക്തര്‍ തിരക്കില്‍പ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സെഗ്മന്റുകളായി തിരിക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പോലീസിന് പുറമെ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കും.

ഡിസംബര്‍ 13 ന് 77,216 പേരും, 14 ന് 64,617 പേരുമാണ് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ഇതുവരെ (ഞായറാഴ്ച വൈകിട്ട്) ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ന് (ശനിയാഴ്ച) വൈകിട്ട് അഞ്ച് വരെ അറുപതിനായിരത്തോളം പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.