ശബരിമല തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും: മുഖ്യമന്ത്രി

post

ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തീർഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഭക്തജനങ്ങൾക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദർശനം ഒരുക്കൽ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദർശനസമയം ദിവസം 19 മണിക്കൂറായി വർദ്ധിപ്പിച്ചത് കൂടുതൽ പേർക്ക് ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.

വാഹനപാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികൾ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിലുള്ള പാർക്കിംഗ് സൗകര്യം വർദ്ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ദേവസ്വം വകുപ്പുമന്ത്രി പങ്കെടുത്ത് ആഴ്ചയിലൊരിക്കൽ ഉന്നതതല യോഗം ചേർന്ന് അവലോകനം നടത്തും.

യോഗത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ എന്നിവർ പങ്കെടുത്തു.