കൊറോണ: ജില്ലയില്‍ ജാഗ്രതയോടെ നടപടികള്‍

post

തിരുവനന്തപുരം : ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ ഐസൊലേഷന്‍ സൗകര്യം കൂടാതെ ജില്ലാ,താലൂക്ക് ആശുപത്രികള്‍,സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൂടി മുന്‍കരുതല്‍ എന്ന നിലയില്‍ ഐസൊലേഷന്‍ വാര്‍ഡുകളും റൂമുകളും തയാറാക്കുവാന്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഐ.എം.എ ഭാരവാഹികളുടെയും സ്വകാര്യ ആശുപത്രി  മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം നടത്തി. കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഐ.സി.യുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ വിട്ട് നല്‍കാമെന്ന് അവര്‍ യോഗത്തില്‍ അറിയിച്ചു. ആംബുലന്‍സ് ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ആംബുലന്‍സുകളുടെ സേവനം വിട്ട് നല്‍കുമെന്ന് യോഗത്തില്‍ അറിയിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍മാരുടെയും പി.ജി.വിദ്യാര്‍ത്ഥികളുടെയും സേവനം രോഗനിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുവാന്‍ യോഗം തീരുമാനിച്ചു.
ഇന്ന് ജില്ലയില്‍ പുതുതായി 35 പേര്‍ രോഗ നിരീക്ഷണത്തിലായി. ജില്ലയില്‍ ഇതുവരെ 794 പേരെയാണ്  സ്‌ക്രീറീനിംഗിന് വിധേയരാക്കിയത് ജില്ലയില്‍ 135 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്ന്  7 പേരും മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ആറ് പേരും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 190 സാമ്പിളുകളില്‍ 121 പരിശോധനാഫലം ലഭിച്ചു,  എല്ലാ റിസല്‍ട്ടുകളും നെഗറ്റീവാണ്. 69 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 1903 യാത്രക്കാരെയും  സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന പത്ത് പേരെ റഫര്‍ ചെയ്തു.  ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ 124 പേരെ സ്‌ക്രീന്‍ ചെയ്തു . 
 കളക്ടറേറ്റ് കണ്‍ടോ്രള്‍ റൂമില്‍ 120 കാളുകളാണ് ഇന്ന് എത്തിയത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കൂടിയും ബോധവത്കരണം നല്‍കി വരുന്നു. മാനസിക പിന്തുണ ആവശ്യമായ 32 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന ആറ് പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. ഇതുവരെ 582 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

1.രോഗബാധിത രാജ്യങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയവരുടെ എണ്ണം  794

2.വീടുകളില്‍ നിരീക്ഷണ ത്തില്‍ ഉള്ളവരുടെ എണ്ണം _135

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം  13

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം 35

കേരള സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. തുമ്മല്‍, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് വിദേശരാജ്യങ്ങള്‍, രോഗബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ കര്‍ശനമായും ആഘോഷങ്ങളും പൊതുപരിപാടികളും ഒഴിവാക്കേണ്ടതാണ്. വിദേശത്ത് നിന്നെത്തിയവര്‍ക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവര്‍ക്കോ  പനി,ചുമ,തുമ്മല്‍,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ദിശ 0471 2552056 എന്ന നമ്പരിലേക്കോ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ 0471 2730045, 2730067 എന്ന നമ്പരുകളിലേക്ക് അറിയിക്കുകയും അവിടെ നിന്നും നല്‍കുന്ന നിര്‍ദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കരുത്.
സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക,സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക,രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാന്‍ സഹായിക്കും.

മാസ്‌ക് എല്ലാവരും ഉപയോഗിക്കേണ്ടതില്ല. രോഗലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.അല്ലാത്തവര്‍ മാസ്‌ക് ധരിക്കേണ്ട കാര്യമില്ല. തൂവാല ത്രികോണാകൃതിയില്‍ മടക്കി മൂക്കും വായും മറയുന്ന തരത്തില്‍ കെട്ടിയാലും ആവശ്യമായ സംരക്ഷണം ലഭ്യമാകും.