കോവിഡ്19: പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനസജ്ജമാകും.

post

കൊല്ലം: കോവിഡ്19 നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി എം ഒ മാരുടെയും ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ ഹെല്‍ത്ത് ബ്ലോക്കുകളില്‍ അവലോകനം നടത്തുകയും പ്രാദേശികമായി ശുചീകരണം ഉള്‍പ്പെടെ ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാക്കും. മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ എല്ലാ ദിവസവും വിവിധതലങ്ങളില്‍ റിവ്യൂ നടത്തും. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാതലത്തില്‍ പരിശീലനം നടത്തി. ഇത്  പ്രാദേശികതലത്തില്‍ വ്യാപിപ്പിക്കും. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ അടിയന്തിര സാഹചര്യത്തില്‍ സേവനം നല്‍കുന്നതായി എം എസ് സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി പരിശീലനം നല്‍കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദേശത്തു നിന്നും എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍, ഹോം സ്റ്റേകള്‍, മറ്റു  സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വഴി നടപടി എടുക്കും. ഇതെല്ലാം ഫലപ്രദമാകുന്നതിന് പൊതുജനങ്ങളുടെ സഹകരണം ഡി എം ഒ അഭ്യര്‍ഥിച്ചു.
ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 247 പേരും ആശുപത്രിയില്‍ 10  പേരുമാണുള്ളത്. ഇന്നുമാത്രം 62 സാമ്പിളുകള്‍ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. 187 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 99 എണ്ണത്തിന്റെ ഫലംകൂടി വരാനുണ്ട്.  പരിശോധിച്ചതില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് സംശയ നിവാരണങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും 8589015556, 04742797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.