കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: യാത്രക്കാര്‍ക്ക് കുടിയാന്മലയില്‍ സ്വീകരണം

post

കണ്ണൂർ: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പാക്കേജില്‍ കൊട്ടാരക്കരയില്‍ നിന്നും കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് കുടിയാന്മലയില്‍ സ്വീകരണം നല്‍കി. പൈതല്‍മല സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജു കൊന്നയ്ക്കല്‍, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് ബെന്നി ന്യൂസ്റ്റാര്‍ എന്നിവരാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്.

വെള്ളിയാഴ്ച വൈകിട്ട് കൊട്ടാരക്കരയില്‍ നിന്നും പുറപ്പെട്ട സന്ദര്‍ശകര്‍ കണ്ണൂരിലെ വിസ്മയ പാര്‍ക്ക്, സ്നേക്ക് പാര്‍ക്ക്, പറശ്ശിനി മുത്തപ്പന്‍ ക്ഷേത്രം, പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, വയലപ്ര ഫ്ളോട്ടിംഗ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സംരംഭം മലയോര മേഖലയുടെ ടൂറിസം വികസനത്തില്‍ പുതിയൊരു വഴിത്തിരിവാകുമെന്ന് ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ പറഞ്ഞു. കണ്ണൂര്‍ യൂണിറ്റ് ടൂറിസം കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ തന്‍സീര്‍, കൊട്ടാരക്കര യൂണിറ്റ് ടൂറിസം കോ-ഓര്‍ഡിനേറ്റര്‍ മനുമോന്‍, ഡ്രൈവര്‍ പ്രേംലാല്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.