കോവിഡ് 19: അതീവ ജാഗ്രത പുലര്‍ത്തണം: ജില്ലാ കളക്ടര്‍

post

കാസര്‍ഗോഡ് : കോവിഡ് 19 രോഗത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍  ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളുമായി ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും   ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. ജില്ലയില്‍ നിലവില്‍ 168 പേരാണ് നിരീക്ഷണത്തിലുള്ളത് . ഇതില്‍ 165 പേര്‍ വീടുകളിലും മൂന്നുപേര്‍ ആശുപത്രിയിലുമാണ്. 11 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മുമ്പ് പരിശോധനയ്ക്കയച്ച 11 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്.
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട്  മറച്ചു പിടിക്കണം. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഹോട്ടലുകളില്‍ നിര്‍ബന്ധമായും കൈകഴുകുന്ന അതിനായുള്ള ലിക്വിഡ് ഹാന്‍ഡ്വാഷ് നല്‍കണം.ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിത്പെടുത്തുന്നതിന്റെ  ഭാഗമായി ഫീല്‍ഡ്തല ആരോഗ്യപ്രവര്‍ത്തകര്‍, ആശാ,  അംഗന്‍വാടി പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജനജാഗ്രതാ സമിതി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളും, രോഗി കളുമായി അടുത്തിടപഴകുന്നവരും പൊതു ജനങ്ങളുമായി കൂടുതല്‍ ഇടപഴകേണ്ടി വരുന്നവരും ആണ് മാസ്‌ക് ഉപയോഗിക്കേണ്ടത്. മാസ്‌ക് ഉപയോഗിക്കുമ്പോള്‍ അത് ഉപയോഗിക്കേണ്ട മാര്‍ഗങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കണം. ഉപയോഗ ശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായിത്തന്നെ സംസ്‌കരിക്കണം.വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം ആശുപത്രിയെ സമീപിക്കണം. പൊതു വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിനും ആരോഗ്യവകുപ്പിന്റെ  നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നതിനും ജനങ്ങള്‍ സന്നദ്ധരാവണമെന്ന് ജില്ലാ  മെഡിക്കല്‍ ഓഫീസര്‍  ഇന്‍ ചാര്‍ജ്  ഡോ. എ.വി രാംദാസ്  പറഞ്ഞു.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും  വന്നവര്‍  ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലില്‍വിവരമറിയിക്കണം. നമ്പര്‍ 9946000493.  രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി  രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍  അറിയിച്ചതിനു ശേഷം മാത്രം ആശുപത്രിയെ സമീപിക്കണം'. യാതൊരു കാരണവശാലും നീരീക്ഷണ കാലയളവില്‍ കുടുംബത്തില്‍ നടക്കുന്ന സ്വകാര്യ ചടങ്ങുകളിലും മറ്റു പൊതു പരിപാടികളികളിലും ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും പങ്കെടുക്കാന്‍ പാടില്ല. രോഗബാധ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളില്‍ കഴിഞ്ഞവരും രോഗ ബാധിത രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരും  വിവരങ്ങള്‍ മറച്ച് വെയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ ബോധവല്‍ക്കരണ പരിശീലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ജില്ലയിലെ മുഴുവന്‍ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ട് ഉടമകള്‍ക്കും നടത്തിപ്പുകാര്‍ക്കും ബോധവല്‍ക്കരണ പരിശീലനവും ലഘുലേഖയും വിതരണം ചെയ്തു. ബോധവത്കരണ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘടാനം ജില്ലാ  മെഡിക്കല്‍ ഓഫീസര്‍  ഇന്‍ ചാര്‍ജ്  ഡോ എ വി രാംദാസ്  നിര്‍വഹിച്ചു. ഡിസ്ട്രിക്ട് സര്‍വയലന്‌സ് ഓഫീസര്‍ ഡോ മനോജ്  എ.ടി പരിശീലനത്തിനു നേതൃത്വം നല്‍കി. ഇന്ന് (മാര്‍ച്ച് 12) ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പാരാലീഗല്‍ വോളണ്ടിയേഴ്‌സിനുള്ള പരിശീലനം നല്‍കും.