സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സോഷ്യൽ ഓഡിറ്റ്

post

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുകയാണെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കിലയുടെ നേതൃത്വത്തിൽ നടക്കുന്ന സോഷ്യൽ ഓഡിറ്റ് ഇതിനോടകം 12 ജില്ലകളിൽ പൂർത്തീകരിച്ചിട്ടുണ്ട്. മാർച്ച് 10ഓടെ ഈ വർഷത്തെ സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


ഓരോ ജില്ലയിൽ നിന്നും 20 സ്‌കൂളുകൾ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകൾ തെരഞ്ഞെടുത്താണ് സോഷ്യൽ ഓഡിറ്റ് നടത്തിയത്. തീരപ്രദേശം, മലമ്പ്രദേശം, ട്രൈബൽ ഏരിയ തുടങ്ങിയ മേഖലകളിലെ സ്‌കൂളുകൾ ഇതിലുണ്ട്. ഓഡിറ്റ്, സ്‌കൂൾ സഭ, പബ്ലിക് ഹിയറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സോഷ്യൽ ഓഡിറ്റ് നടത്തപ്പെടുന്നത്. കിലയുടെ ആർ.പിമാർ സ്‌കൂളുകളിൽ എത്തി ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, ഈ രക്ഷിതാക്കൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി സ്‌കൂൾ സഭകളിൽ അവതരിപ്പിച്ച് പാസാക്കുന്നു. ഓഡിറ്റ് നടന്ന അഞ്ചു സ്‌കൂളുകൾ ഒരു ക്ലസ്റ്ററായി തിരിച്ച് ഒരു ക്ലസ്റ്ററിന് ഒരു പബ്ലിക് ഹിയറിംഗ് എന്ന രീതിയിൽ പബ്ലിക് മീറ്റിംഗുകൾ നടത്തുന്നു. ഈ മീറ്റിംഗുകളിൽ വാർഡ് മെമ്പർമാർ മുതൽ എം.എൽ.എ മാർ വരെയുള്ള ജന പ്രതിനിധികളും, ആരോഗ്യം, കൃഷി, സപ്ലൈകോ, എഫ്.സി.ഐ, ഫുഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുക്കുകയും പബ്ലിക് ഹിയറിംഗിൽ ഉയർന്നു വന്ന ഉച്ചഭക്ഷണ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു. ഇതിലൂടെ സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പറ്റി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും മെച്ചപ്പെട്ട അറിവു ലഭിക്കുകയും തങ്ങളുടെ കുട്ടികൾക്ക് ലഭിക്കേണ്ട അളവിലും ഗുണത്തിലും ഈ പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


കുട്ടികൾക്ക് 5 കിലോഗ്രാം അരി


സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മധ്യവേനൽ അവധിക്കാലത്ത് 5 കിലോഗ്രാം അരി വീതം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മാർച്ച് 20 മുതൽ അരി വിതരണം ആരംഭിക്കും. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിർമിക്കാൻ നവംബർ മാസം ചേർന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. സ്ഥലമില്ലാത്ത സ്‌കൂളുകളിൽ 10 ഗ്രോ ബാഗുകളിലെങ്കിലും പച്ചക്കറി കൃഷി നടത്തുവാനും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുവാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളിൽ കൃഷിയോടുള്ള അഭിരുചിവർദ്ധിപ്പിക്കുക, ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്, കുട്ടികളുടേയും രക്ഷകർത്താക്കളുടേയും അദ്ധ്യാപകരുടേയും ഇടയിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.


ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന 12,037 സ്‌കൂളുകളിൽ 10,583 സ്‌കൂളുകളിൽ (87 ശതമാനം) അടുക്കളപച്ചക്കറിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്. ഇടുക്കി,കണ്ണൂർ എന്നീ ജില്ലകളിലെ 5 സ്‌കൂളുകളിൽ അവയുടെ ഉപയോഗം കഴിഞ്ഞ് പച്ചക്കറികൾ വിൽക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.മധ്യവേനലവധിക്കാലത്ത് ഈ പച്ചക്കറിത്തോട്ടങ്ങൾ സംരക്ഷിക്കുന്നതിനും അടുത്തവർഷം മുതൽ കൃഷി വകുപ്പിന്റേയും തദ്ദേശ വകുപ്പിന്റേയും പ്രാദേശിക കർഷക സമൂഹത്തിന്റെയും പിന്തുണയോടും സഹകരണത്തോടും എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനും അത് വിപുലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.