വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് കൃഷി വകുപ്പിന്റെ കരുതല്‍

post

കാസർകോട്: വേനല്‍ക്കാല പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് താങ്ങാവുകയാണ് കൃഷി വകുപ്പ്. വേനല്‍ക്കാല കൃഷിയില്‍ തണ്ണിമത്തനാണ് പ്രധാന ഇനം. പയര്‍, വെണ്ട, തക്കാളി, മുളക്, വഴുതന, പാവല്‍, പടവലം, ചീര തുടങ്ങി മിക്ക വിളകളും വേനല്‍ക്കാലത്ത് കൃഷി ചെയ്യാം. കൃഷിവകുപ്പിന്റെ പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി ഒരു ഹെക്ടറിന് 20000 രൂപയുടെ ധനസഹായം കര്‍ഷകര്‍ക്ക് ലഭിക്കും. പന്തല്‍ കൃഷിക്കാണെങ്കില്‍ 25000 രൂപയും ലഭിക്കും. മട്ടുപ്പാവില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും വകുപ്പ് സബ്സിഡി നല്‍കി വരുന്നു.

5000 രൂപ ചിലവഴിച്ചാല്‍ 2000 രൂപ വരെ സബ്സിഡിയായി കര്‍ഷകന് ലഭിക്കും. വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് സബ്സിഡി ലഭിക്കാനായി അതാത് കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സ്ഥല നികുതി രസീത് എന്നിവയും പാട്ടത്തിനാണ് കൃഷി ചെയ്യുന്നതെങ്കില്‍ സ്ഥലം ഉടമയുടെ സമ്മത പത്രവും ഹാജരാക്കണം.