ശബരിമല തീര്‍ത്ഥാടനം: മന്ത്രിമാരുടെ നേതൃത്വത്തില്‍ പമ്പയില്‍ ഉന്നതതല യോഗം

post

ശബരിമലയിലെ തിരക്കിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. അതിന്റെ ഭാഗമായാണ് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ പമ്പയില്‍ അവലോകനയോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദര്‍ശനത്തിനെത്തേണ്ട ഭക്തരുടെ എണ്ണം വെര്‍ച്വല്‍ ക്യു വഴി 90,000 എന്ന നിലയിലേക്ക് നിയന്ത്രിക്കും. മാത്രമല്ല, ക്യു കോംപ്ലക്‌സ്, ഫ്‌ളൈഓവര്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ക്യു നില്‍ക്കുന്ന ഭക്തര്‍ക്ക് ആഹാരം, വെള്ളം, മതിയായ ടോയ്‌ലെറ്റ് സൗകര്യം എന്നിവ ഉറപ്പാക്കും. ഇതിലൂടെ തീര്‍ഥാടകരുടെ പ്രയാസം കുറയ്ക്കുന്നതിന് വേണ്ട എല്ലാ ഇടപെടലുകളും കാര്യക്ഷമമായി നടപ്പാക്കും. ആരോഗ്യവകുപ്പ് മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ഇതുവരെ 19 ലക്ഷത്തിലധികം തീര്‍ഥാടകരാണ് എത്തിയത്. മെച്ചപ്പെട്ട വാഹനമില്ലായെന്നതാണ് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി. എന്നാല്‍ എല്ലാ വാഹനങ്ങളും പര്യാപ്തമാണ്. കെഎസ്ആര്‍ടിസിയുടെ പരിശോധനയ്ക്ക് ശേഷമാണ് അവ സര്‍വീസ് നടത്തുന്നതിനായി കൊണ്ടുവന്നിട്ടുള്ളത്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനോട് അവശ്യമെങ്കില്‍ വീണ്ടും പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

പാര്‍ക്കിംഗ് സൗകര്യം കൂടുതല്‍ ഒരുക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 6500 വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യമുള്ളത്. എന്നാല്‍ അവിടുത്തെ മണ്ണിന്റെ ഘടന അനുസരിച്ച് മഴ വരുമ്പോള്‍ പാര്‍ക്കിംഗിനുള്ള ബുദ്ധിമുട്ടുണ്ടാകും. അതിനുള്ള ബദല്‍സംവിധാനം സ്വീകരിക്കും. കൂടുതല്‍ പാര്‍ക്കിംഗ് സെന്ററുകള്‍ കണ്ടെത്താന്‍ വനം വകുപ്പിനോട് സഹായം തേടിയിട്ടുണ്ട്. നിലവിലുണ്ടായ പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അതത് വകുപ്പുകള്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്‌പോട്ടില്‍ തന്നെ പരിഹാരമുണ്ടാക്കും. ഇനിയുള്ള ദിവസങ്ങള്‍ വലിയ കരുതലോടെ മുന്നോട്ട് പോകും.


ശബരിമല തീര്‍ഥാടനമെന്നത് കേരളത്തിന്റെ യശസിനെ ഉയര്‍ത്തിപിടിക്കുന്ന തരത്തിലുള്ളതാക്കി മാറ്റുന്നതിന് സങ്കുചിതമായ ചിന്തകള്‍ മാറ്റി വച്ച് വിശാലമായ രീതിയില്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു.