പരിശോധനകള്‍ ശക്തമാക്കി സേഫ് കേരള സ്‌ക്വാഡ്: ജില്ലയില്‍ വാഹനാപകടങ്ങള്‍ കുറയുന്നു

post

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ സേഫ് കേരളാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായ അപകട മരണത്തേക്കാള്‍ ഈ വര്‍ഷം 25 ശതമാനം കുറവ് രേഖപ്പെടുത്തി. ഫെബ്രുവരി മാസം ജില്ലയിലുണ്ടായ 327 അപകടങ്ങളില്‍ 24 മരണങ്ങളാണ് ഉണ്ടായത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സേഫ് കേരളാ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനകളില്‍ 2554 വാഹനങ്ങള്‍ക്കെതിരെ കേസ് എടുത്ത് 31,52,330 രൂപ ഫൈന്‍ ഈടാക്കി. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വ്വീസ് നടത്തിയ 13 വാഹനങ്ങള്‍, ഹെല്‍മറ്റ് ഉപയോഗിക്കാതിരുന്ന 925 പേര്‍, നികുതി അടക്കാത്ത 38 വാഹനങ്ങള്‍, ഫിറ്റ്‌നസില്ലാത്ത 31 വാഹനങ്ങള്‍, എയര്‍ ഹോണ്‍ ഉപയോഗിച്ച 97 വാഹനങ്ങള്‍, സൈലന്‍സറും മറ്റും രൂപമാറ്റം വരുത്തിയ 65 വാഹനങ്ങള്‍, ഫാന്‍സി നമ്പര്‍ ബോര്‍ഡ് വച്ച 63 വാഹനങ്ങള്‍, ഇന്‍ഷുറന്‍സില്ലാത്ത 126 വാഹനങ്ങള്‍, ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച 60 പേര്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 51 പേര്‍, മെബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ച 69 പേര്‍, സീറ്റ് ബല്‍റ്റ് ധരിക്കാതെ യാത്ര ചെയ്ത 113 പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.

കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. നാഷണല്‍ ഹൈവേയില്‍ ബസ് ബേയില്‍ നിര്‍ത്താതെ മറ്റുള്ള സ്ഥലങ്ങളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസ് ജീവനക്കാരുടേയും ബസ് ബേകളില്‍ അനധികൃതമായി മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരുടേയും ഹെല്‍മറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ പി.ആര്‍ സുമേഷ് അറിയിച്ചു.