ഗുണനിലവാരമുറപ്പാക്കാം; ജല പരിശോധനക്ക് ജില്ലയിൽ ആറ് കേന്ദ്രങ്ങൾ
കണ്ണൂർ: ജല ഗുണനിലവാര പരിശോധനക്ക് ജില്ലയിൽ വാട്ടർ അതോറിറ്റിയുടെ ആറ് കേന്ദ്രങ്ങൾ. ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരം ലഭിച്ച ഒരു ജില്ലാ ലാബും അഞ്ച് ഉപജില്ലാ ലാബുകളുമാണ് പ്രവർത്തിക്കുന്നത്.
ക്വാളിറ്റി കൺട്രോൾ ജില്ലാ ലബോറട്ടറി താണയിലും ഉപജില്ലാ ലാബുകൾ പള്ളിക്കുന്ന്, മട്ടന്നൂർ കൊതേരി, ധർമശാല കുഴിച്ചാൽ, ഇരിക്കൂർ പെരുവളത്തുപറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലുമാണുള്ളത്.
ജലത്തിന്റെ മണം, രുചി, നിറം, പി എച്ച് തുടങ്ങിയ ഭൗതിക പരിശോധന, ഇരുമ്പ്, ക്ലോറൈഡ്, ഫ്ലൂറൈഡ്, സൾഫേറ്റ്, മഗ്‌നീഷ്യം, ആഴ്‌സനിക് തുടങ്ങിയ രാസപഥാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന, ബാക്റ്റീരിയ, വൈറസ്, പ്രോട്ടോസോവ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുന്ന ജൈവിക പരിശോധന എന്നിവയാണ് ഇവിടെ നടക്കുന്നത്.
രാസപരിശോധനക്ക് വൃത്തിയുള്ള പ്ലാസ്റ്റിക് ബോട്ടിലിൽ കരസ്പർശമില്ലാതെ ശേഖരിച്ച ഒരു ലിറ്റർ വെള്ളവും ബാക്റ്റീരിയ പരിശോധനക്ക് അണുവിമുക്ത ബോട്ടിലിൽ 100 മില്ലി വെള്ളവുമാണ് വേണ്ടത്. ഇതിനായി http://kwa.kerala.gov.in/ml/ എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം. തുടർന്ന് ഓൺലൈനായി പണമടച്ചാണ് വെള്ളം ലാബുകളിൽ എത്തിക്കേണ്ടത്. അഞ്ചു പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ലഭിക്കും. ഓൺലൈനായും റിപ്പോർട്ട് ലഭ്യമാകും.