ആലപ്പുഴ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള 17 മുതൽ 19 വരെ

* നീലപ്പട്ടുടയാട നെയ്യുന്നവരുടെ നോവുമായി ഉദ്ഘാടന ചിത്രം 'ദ ബ്‌ളൂ കാഫ്താൻ'
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മാർച്ച് 17 മുതൽ 19 വരെ ആലപ്പുഴ കൈരളി, ശ്രീ തീയറ്ററുകളിൽ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി 'ദ ബ്‌ളൂ കാഫ്താൻ' പ്രദർശിപ്പിക്കും. അറബി ഭാഷയിലുള്ള ഈ മൊറോക്കൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നടിയും തിരക്കഥാകൃത്തുമായ മറിയം തൗസാനിയാണ്.
2022 -ലെ കാൻ ചലച്ചിത്രമേളയുടെ ഔദ്യോഗിക സെലക്ഷൻ വിഭാഗമായ അൺസേട്ടൻ റിഗാർഡിൽ തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മൊറോക്കോവിലെ പരമ്പരാഗത വസ്ത്രമായ കഫ്താൻ എന്ന നീലപ്പട്ടുടയാട തുന്നി വിൽക്കുന്ന മധ്യവയസ്‌കരായ ദമ്പതികളുടെ അടക്കിപ്പിടിച്ച തൃഷ്ണകളുടെ കഥയാണ് പറയുന്നത്. ഹലീമും മിനയും മൊറോക്കോവിലെ വടക്കുപടിഞ്ഞാറൻ നഗരത്തിൽ കഫ്താൻ വിൽക്കുന്ന ഒരു കട നടത്തിവരുകയാണ്. യന്ത്രനിർമ്മിത വസ്ത്രങ്ങൾ കാരണം വിപണിയിൽ അവർ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. മിനയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഉടുപ്പു തുന്നുന്നതിനായി യുവാവായ യൂസഫിനെ അവർ പരിശീലിപ്പിക്കുന്നു. ആ യുവാവിന്റെ സാന്നിധ്യം ഹലീമിൽ അടക്കിപ്പിടിച്ച സ്വവർഗകാമനകൾ ഉണർത്തുന്നു. സ്വവർഗരതി ക്രിമിനൽകുറ്റമായി പരിഗണിക്കപ്പെടുന്ന മൊറോക്കോവിലെ സാമൂഹികാന്തരീക്ഷം മൂന്നു പേരിലും സൃഷ്ടിക്കുന്ന ആത്മസംഘർഷങ്ങളുടെ ആവിഷ്‌കാരമാണ് ഈ ചിത്രം.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. registration.iffk.in എന്ന ലിങ്ക് മുഖേന ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താം. ഓഫ്‌ലൈൻ രജിസ്‌ട്രേഷന് ആലപ്പുഴ കൈരളി തീയറ്ററിലും കെ.എസ്.ആർ.ടി.സി സ്റ്റാന്റിലും സജ്ജീകരിച്ച ഡെലിഗേറ്റ് കൗണ്ടറുകളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
---
ചലച്ചിത്രമേള: ആദ്യ ദിനത്തിൽ സ്ത്രീകളുടെ രാത്രിയാത്രയും
നാലാമത് വനിത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ആലപ്പുഴ നഗരസഭയുടെയും ചലച്ചിത്ര അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി രാത്രിയാത്ര സംഘടിപ്പിക്കും. മാർച്ച് 17,18,19 തിയ്യതികളിൽ കൈരളി, ശ്രീ തീയറ്ററുകളിലായി നടക്കുന്ന മേള ജില്ലയിലെ സ്ത്രീകൾ ഏറ്റെടുക്കുന്നതിന്റെ വിളംബരമായാണ് രാത്രി നടത്തം ഒരുക്കുന്നത്. ആദ്യമായി ജില്ലയിൽ നടക്കുന്ന ചലച്ചിത്രമേള പുരുഷൻമാരും സ്ത്രീകളും ആവേശത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. ആദ്യ ദിവസം വൈകീട്ട് പ്രദർശിപ്പിക്കുന്ന ഉദ്ഘാടന ചിത്രമായ ബ്ലൂ കാഫ്താൻ കണ്ടിറങ്ങി സ്ത്രീകൾ ഒന്നിച്ച് കടപ്പുറത്തേക്ക് നടന്ന് അവിടെ ആട്ടവും പാട്ടുമായി ഒത്തുകൂടും. ഇത് സംബന്ധിച്ച് നഗരസഭ ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നോർത്ത് സി.ഡി.എസ്. ചെയർപേഴ്‌സൺ സോഫിയ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബീന രമേശ്, ആർ. വിനീത, ജില്ല പഞ്ചായത്ത് അംഗം ആർ റിയാസ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്. ഷാജി, കുടുംബശ്രീ എ.ഡി.എം.സി. എം.ജി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.