കുട്ടികളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളണം: മുഖ്യമന്ത്രി

post

കണ്ണൂർ: കുട്ടികളുടെ അഭിപ്രായങ്ങൾ അവഗണിക്കുകയല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവർക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്താൻ ഈ സമീപനത്തിലൂടെ കഴിയും. ഇത്തരമൊരു മനോഭാവമാറ്റം കുടുംബങ്ങളിൽ വന്നാൽ സമൂഹത്തിൽ ക്രമേണ മാറ്റം ഉണ്ടാക്കാനാവും. അങ്ങനെയാണ് നാം അക്ഷരാർഥത്തിൽ ബാലസൗഹൃദമായി മാറുന്നത്-കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ ധർമ്മടം നിയോജക മണ്ഡല സെമിനാർ പിണറായി കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

കുടുംബ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ കുട്ടികൾക്ക് അഭിപ്രായം പറയാനാവാതെ അകന്നുനിൽക്കേണ്ടി വരാറുണ്ട്. കുട്ടികളുടെ അഭിപ്രായം പ്രധാനമല്ലെന്ന അവഗണനയിൽ മാറ്റം വരേണ്ടതുണ്ട്. കൂടുതൽ വളരേണ്ടതുണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയ്ക്ക് പൂർണതയുള്ളവരാണ് കുട്ടികൾ. അവരുടെ വ്യക്തിത്വത്തെ പൂർണമായി മാനിക്കാൻ നമ്മുടെ സമൂഹത്തിന് കഴിയണം.

കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭാവി തലമുറയെ മുന്നിൽ കണ്ടുള്ള വികസന പദ്ധതികളാണ് നാം ആവിഷ്‌ക്കരിക്കുന്നത്. അംഗൻവാടികൾ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി വിപുലീകരിക്കും. ഒരു വർഷം കൊണ്ട് 14 കോടി രൂപ ചെലവിൽ 64 അംഗൻവാടികളുടെ നിർമ്മാണം ആരംഭിച്ചു.

ഇത്തരത്തിൽ 155 അംഗൻവാടികളുടെ നിർമ്മാണം സംസ്ഥാനത്താകെ നടന്നുവരികയാണ്. പ്രത്യേക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പൈലറ്റ് അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ 142 അംഗൻവാടികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നു. അംഗൻവാടികളെ കമ്യൂണിറ്റി റിസോഴ്സ് സെൻററുകളാക്കി വികസിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. അംഗൻവാടികളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കുമാരി ക്ലബുകളെ പുനരുജ്ജീവിപ്പിച്ച് വർണക്കൂട്ട് എന്ന പേരിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ശിശുസൗഹൃദ മാതൃകാ ഗ്രാമപഞ്ചായത്തുകൾക്ക് പ്രോത്സാഹനം നൽകും. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാർഷിക പദ്ധതിക്കൊപ്പം ബാലസുരക്ഷാ സ്ഥിതിവിവര റിപ്പോർട്ടും പ്രസിദ്ധീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും സാമൂഹികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 'കുട്ടികളുടെ കേരളം' എന്ന ജനകീയ കാമ്പയിൻ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതിയിൽ 1206 കുട്ടികൾക്ക് 12 കോടി രൂപ ലഭ്യമാക്കി. അംഗൻവാടികൾ മുഖേന ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും ലഭ്യമാക്കുന്ന പോഷകബാല്യം പദ്ധതിക്കായി 61.5 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിട്ടുള്ളത്. സംയോജിത ശിശുവികസന പദ്ധതിക്കായി 188 കോടി രൂപയും വകയിരുത്തി.

കോവിഡ് മഹാമാരിയിൽ മാതാപിതാക്കളിൽ ഒരാളെയോ രണ്ടുപേരെയുമോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ പുനരധിവാസ പാക്കേജ് തയ്യാറാക്കി. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ സർക്കാർ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ്സ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. മറ്റ് അടിയന്തിര സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഇതിന് ഇത്തവണത്തെ ബജറ്റിൽ രണ്ട് കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർത്തലാക്കിയ പ്രീ, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾ കുട്ടികൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ലഹരി കേസുകളിൽ കടുത്ത നടപടി: മുഖ്യമന്ത്രി

ലഹരി കേസുകളിൽ അന്വേഷണ ഏജൻസികൾ കടുത്ത നടപടികളുമായാണ് മുന്നോട്ടുപോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകളിൽ സ്ഥിരം കുറ്റവാളികളെ ജാമ്യമില്ലാതെ നിശ്ചിത വർഷം ജയിലിൽ അടക്കാനുള്ള വകുപ്പുണ്ട്. അത്തരം കാര്യങ്ങളെല്ലാം തന്നെ ഉപയോഗിക്കും. മയക്കുമരുന്നിന്റെ കാരിയർമാർ സ്‌കൂൾ വളപ്പുകളിൽ കടക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്.

സ്‌കൂളിന് അടുത്തുള്ള കടകളിലൂടെയാണ് മയക്കുമരുന്നിന്റെ ചില ഭാഗങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു കടയിൽ ഇത്തരത്തിൽ ഒരു പ്രവർത്തനം നടന്നുവെന്നു കണ്ടാൽ പിന്നെ ആ കട അവിടെ പ്രവർത്തിക്കില്ല. അതോടെ അത് പൂർണമായും അടച്ചിടുന്ന നിലയുണ്ടാവണം. സ്‌കൂൾ പരിസരം അനാവശ്യമായി ആളുകൾ കടന്നുകയറുന്ന ഇടം ആവാതിരിക്കാൻ അധ്യാപക രക്ഷാകർതൃ സമിതികൾ ശ്രദ്ധിക്കണം.

കുടുംബത്തിലെ ഒരു കുട്ടി മയക്കുമരുന്നിന് അടിപ്പെട്ടാൽ മാനഹാനി ഭയന്ന് പുറത്ത് പറയാതിരിക്കുകയല്ല വേണ്ടത്. കൗൺസിലിങ്ങിനുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. ഡീ അഡിക്ഷൻ സെൻറിലെത്തിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ചെയ്യണം. സഹപാഠികൾക്ക് സാധാരണയിൽനിന്ന് വ്യത്യസ്തമായ സ്വഭാവം ശ്രദ്ധയിൽപ്പെട്ടാൽ വിദ്യാർഥികൾ സ്വകാര്യമായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തണം.

കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ നല്ല ശ്രദ്ധ കാണിക്കണം-കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ ധർമ്മടം നിയോജക മണ്ഡല സെമിനാർ പിണറായി കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.