ഹൃദ്യസംഗമത്തിന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തിരികൊളുത്തി

post

കൊല്ലം: ജന്മനാ ഹൃദ്രോഗം ബാധിച്ച് ചികിത്സയിലൂടെ ഭേദമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുഞ്ഞുങ്ങളുടെ നിറപുഞ്ചിരിയുടെ നിറവിലായിരുന്നു വിക്‌ടോറിയ ആശുപത്രി. രക്ഷിതാക്കളുടെ അളവറ്റ സന്തോഷത്തിനും ഇവിടം വേദിയായി. സംസ്ഥാന സര്‍ക്കാരിന്റെ നൂതന ചികിത്സാ പദ്ധതിയായ ഹൃദ്യം പദ്ധതിയുടെ സേവനം ലഭിച്ചവരുടെ സംഗമം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയായ ഹൃദ്യത്തിന്റെ വിജയമാണ് ഇത്രയധികം കുടുംബങ്ങളുടെ സംഗമത്തിലൂടെ കാണാനാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സമ്പ്രദായം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനായി. ആര്‍ദ്രം പദ്ധതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയതു ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങള്‍ക്ക് ഇടയാക്കി എന്നും മന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങള്‍ക്കായുള്ള പോഷകാഹാര കിറ്റ് വിതരണം, പദ്ധതിയില്‍ എം പാനല്‍ ചെയ്തിട്ടുള്ള ആശുപത്രി പ്രതിനിധികളെ ആദരിക്കല്‍ എന്നിവയും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. സബ് കലക്ടര്‍ അനുപം മിശ്ര, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശ്രീലേഖ വേണുഗോപാല്‍, ഡെപ്യൂട്ടി ഡി. എം. ഒ. മാരായ ഡോ. ആര്‍. സന്ധ്യ, ഡോ. ജെ. മണികണ്ഠന്‍, ജില്ലാ ആര്‍. സി. എച്ച് ഓഫീസര്‍ ഡോ. വി. കൃഷ്ണവേണി, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.