ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ വനിതാ വാര്‍ഡ്

post


ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ സജ്ജമാക്കിയ വനിതാവാര്‍ഡ് ഉത്‌ഘാടനത്തിന് ഒരുങ്ങി. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ വാര്‍ഷിക നിര്‍മ്മാണ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിട്ട് എല്ലാവിധ നിലവാര മാനദണ്ഡങ്ങളും പാലിച്ച് പൂര്‍ത്തിയാക്കിയ വനിതാവാര്‍ഡ് മണ്ഡലത്തിന്റെ ആരോഗ്യക്ഷേമത്തില്‍ നാഴികക്കല്ലാകുമെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയേറിയതും തീരപ്രദേശവുമായ വൈപ്പിന്‍കരയിലെ ഏക താലൂക്ക് ആശുപതിയാണ് ഞാറക്കലിലേത്. കിടത്തി ചികിത്സയിലുള്ളവര്‍ക്ക് പുറമെ ദിവസേന ശരാശരി 350-400 രോഗികള്‍ ഒ.പി. വിഭാഗത്തില്‍ പരിശോധനക്കെത്തുന്ന ആശുപത്രി സാധാരണക്കാരായ ദ്വീപ് ജനതയുടെ പ്രധാന ആശ്രയമാണ്.


ആശുപത്രി വനിതാവാര്‍ഡിന്റെ പുതിയ കെട്ടിടത്തില്‍ 16 കിടക്കകളുണ്ടാകും. പുറമെ ലേബര്‍ റൂം, നവജാതശിശു പരിചരണ മുറി, സ്റ്റാഫ് റൂമുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഡിസംബര്‍ 22  രാവിലെ 11നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വനിതാ വാർഡിന്റെ  ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയാകും.