ബദല്‍ സൗകര്യമൊരുക്കി ജില്ലാഭരണകൂടം

post

കോവിഡ് 19: തല്‍ക്കാലം ഓഫീസുകള്‍ കയറേണ്ട; അപേക്ഷകള്‍ വാട്‌സ് ആപ്പിലൂടെ നല്‍കാം

തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പരസ്പര സമ്പര്‍ക്കം പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കേ, പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാന്‍ ബദല്‍ സൗകര്യമൊരുക്കുകയാണ് തൃശൂര്‍ ജില്ലാ ഭരണകൂടം. വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലാ കളക്ടറേയും റവന്യൂ ഉദ്യോഗസ്ഥരേയും സമീപിക്കേണ്ടിവരുന്നവര്‍ക്ക് അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാനും പരാതികള്‍ സമര്‍പ്പിക്കാനും നേരിട്ട് ഓഫീസുകള്‍ കയറേണ്ടതില്ല. പകരം, പ്രത്യേകമായി സജ്ജമാക്കുന്ന വാട്‌സ് ആപ്പ് നമ്പറുകളിലേക്കോ ഇമെയില്‍ വിലാസത്തിലേക്കോ തങ്ങളുടെ ആവശ്യങ്ങളും പരാതികളും സന്ദേശമായി അയ്ക്കുന്നതിന് ജില്ലാ ഭരണകൂടം സൗകര്യമേര്‍പ്പെടുത്തി. കോവിഡ് ഭീതി മറികടക്കുന്നതുവരെയാണ് ഈ സൗകര്യം. കളക്ടറേറ്റിലും റവന്യൂ വകുപ്പിന്റെ ഓഫീസുകളിലും വിവിധ ആവശ്യങ്ങള്‍ക്ക് എത്തിച്ചേരുന്നവര്‍ തമ്മിലുളള പരസ്പര സമ്പര്‍ക്കം ഒഴിവാക്കുന്നതിനും രോഗവ്യാപന സാധ്യതയെ തടയുന്നതിനുമാണ് വാട്‌സ് ആപ്പ് സൗകര്യമൊരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

ജില്ലാ കളക്ടറുടേയും റവന്യു വകുപ്പിന്റെയും ഇടപെടലുകളും തുടര്‍നടപടികളും ആവശ്യമുളള കാര്യങ്ങളില്‍ ജനങ്ങളുടെ പരാതിയോ അപേക്ഷയോ വാട്‌സ് ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ മതി. വീഡിയോകോള്‍ വഴിയും അറിയിക്കാം. ഇമെയിലായും അപേക്ഷകള്‍ നല്‍കാം. ഇവ നേരിട്ടുളള അപേക്ഷയായി കണക്കാക്കി അതില്‍ തുടര്‍നടപടി സ്വീകരിക്കും. അതേ സമയം കോടതി നിര്‍ദ്ദേശപ്രകാരമുളള ഹിയറിങ് കേസുകളില്‍ നേരിട്ട് ഹാജരാകേണ്ടി വരും. ജില്ലാ കളക്ടര്‍, ഇരിങ്ങാലക്കുട ,തൃശൂര്‍ ആര്‍ഡിഒമാര്‍, എഴ് തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്കാണ് ഇപ്രകാരം അപേക്ഷകള്‍ നല്‍കാന്‍ കഴിയുക. നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും എപ്പോഴും സന്നദ്ധരാണെങ്കിലും പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് സാമൂഹ്യമാധ്യമ വേദിയെ ഉപയോഗിക്കുന്നത്. രോഗഭീതി ഒഴിയുന്നതുവരെ ആള്‍കൂട്ടങ്ങളും പരസ്പരമുളള ഇടപെടലുകളും കഴിയാവുന്നത്ര പരിമിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ കളക്ടര്‍ക്ക് അപേക്ഷകള്‍ അയക്കേണ്ട വാട്‌സ് ആപ്പ് നമ്പര്‍: 9400044644. ഇമെയില്‍ വിലാസങ്ങള്‍: strcoll.ker@nic.in (കളക്ടറേറ്റ്), thlrstr.ker@nic.in (തൃശൂര്‍ താലൂക്ക്), thlrtpy.ker@nic.in (തലപ്പിളളി താലൂക്ക്), thlrmkm.ker@nic.in (മുകുന്ദപുരം താലൂക്ക്), thlrckd.ker@nic.in (ചാവക്കാട് താലൂക്ക്), thlrkdr.ker@nic.in (കൊടുങ്ങല്ലൂര്‍ താലൂക്ക്), thlrckdy.ker@nic.in (ചാലക്കുടി താലൂക്ക്), thlrkkm.ker@nic.in (കുന്നംകുളം താലൂക്ക്), thrissur.rdo@gmail.com (തൃശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ്), rdoijk.rev@kerala.gov.in (ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ്)