മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടെ ഓങ്കോളജി കെട്ടിടം ഒരുങ്ങുന്നു

post

കാൻസർ ചികിത്സ ഒരു കുടക്കീഴിലാക്കി തൃശൂർ ഗവ.മെഡിക്കൽ കോളേജ്. ആധുനിക സൗകര്യങ്ങളുള്ള സർജിക്കൽ ഓങ്കോളജി വിഭാഗം കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതോടെ ക്യാൻസർ രോഗികൾക്ക് ചികിത്സയ്ക്കായി പല ഇടങ്ങളിൽ പോകേണ്ടിവരുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകും. മെഡിക്കൽ കോളേജിലെ നെഞ്ചുരോഗാശുപത്രി വിഭാഗത്തിലാണ് ചികിത്സാസൗകര്യം ഒരുക്കിയിരിക്കുന്നത്. ഡേ- കെയർ കീമോതെറാപ്പി വാർഡിന്റെ രണ്ടാംഘട്ട നിർമ്മാണം പൂർത്തിയായി.

രണ്ട് ഘട്ടങ്ങളിലായി 3.5 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. പി കെ ബിജു എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് ഒന്നാംഘട്ടവും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2.50 കോടി ഉപയോഗിച്ചാണ് രണ്ടാം ഘട്ടവും പൂർത്തിയാക്കി. നാല് ഒപി റൂമുകൾ, നഴ്സിംഗ് സ്റ്റേഷൻ, റെക്കോർഡ് റൂം, രോഗികൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് മുറി, രണ്ട് വീതം ഗോവണികൾ, നഴ്സസ് റസ്റ്റ് റൂം എന്നിവ ഉൾപ്പെടെ ഒന്നാം ഘട്ടത്തിൽ സജ്ജമായി. രണ്ടാം ഘട്ടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റോർ റൂം, വെയ്റ്റിംഗ് ഏരിയ, രോഗികൾക്കും സ്റ്റാഫിനുമുള്ള ശുചിമുറികൾ എന്നിവ ഒരുക്കി.

2022 -23 സാമ്പത്തികവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന്, നാല് നിലകൾ നിർമ്മിക്കുന്നതിനായി 5 കോടി രൂപ പുതുതായി അനുവദിച്ചിട്ടുണ്ട്. മൂന്നാം നിലയിൽ ഓങ്കോളജി വിഭാഗത്തിലെ തിയറ്ററും ഐസിയുവും നാലാം നിലയിൽ കോൺഫറൻസ് ഹാളും നിർമ്മിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ശസ്ത്രക്രിയ വിഭാഗത്തിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നായി പ്രതിദിനം മുന്നൂറിലധികം രോഗികളാണ് മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സ തേടുന്നത്.