പാറപ്പുറം - വല്ലംകടവ് പാലം നിര്‍മ്മാണം അവസാന ഘട്ടത്തില്‍

post

കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മ്മിക്കുന്ന പാറപ്പുറം വല്ലം കടവ് പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. പെരുമ്പാവൂര്‍ - ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പവഴിയായി മാറും.


ഒന്‍പതു സ്പാനുകളോട് കൂടി 289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. അവസാനഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കൈവരികളുടെയും, അപ്പ്രോച്ച് റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 2023 മാര്‍ച്ച് മാസത്തോടെ പാലം ഗതാഗത്തിന് തുറന്നു കൊടുക്കാനുള്ള ലക്ഷ്യത്തോടെ

ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.


23 കോടി രൂപയുടെ സാങ്കേതിക അനുമതിയോടെ 2016 ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം പ്രളയവും, ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി പിന്മാറിയതും മൂലം മന്ദഗതിയിലായിരുന്നു. പിന്നീട് അന്‍വര്‍ സാദത്ത് എംഎല്‍എ അറിയിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് വീണ്ടും ടെന്‍ഡര്‍ വിളിച്ചാണ് പുനരാരംഭിച്ചത്.


നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പാറപ്പുറംവല്ലം കടവ് പാലം കാലടി ശ്രീശങ്കര പാലത്തിനും എം.സി.റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈ പാസായി പ്രവര്‍ത്തിക്കും. മറ്റ് ജില്ലകളില്‍ നിന്നും എം സി റോഡ് വഴി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി എയര്‍പോര്‍ട്ടിലും എത്തിച്ചേരാം. പുതിയ പാലം വരുന്നതോടെ കാഞ്ഞൂരില്‍ നിന്ന് പെരുമ്പാവൂരിലെത്താന്‍ 6 കിലോമീറ്ററോളം ലാഭിക്കാം. ഇത് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സഹായകമാകും. പെരിയാറിന്റെ ഇരുകരകളിലുമുള്ള സെന്റ് മേരീസ് പള്ളി കാഞ്ഞൂര്‍, പുതിയേടം ക്ഷേത്രം, തിരുവൈരാണികുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. കാഞ്ഞൂര്‍ പാറപ്പുറം പ്രദേശങ്ങളിലെ വികസനത്തിനും പാലം വഴിയൊരുക്കും.