വീടുകളില്‍ കഴിയുന്നവര്‍ക്ക് വിരസതയകറ്റാന്‍ പുസ്തകങ്ങളും

post

കോട്ടയം: കൊറോണ വൈറസ് പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നവര്‍ക്ക് വിരസതയകറ്റാന്‍ പുസ്തകങ്ങളും. ഡി.സി. ബുക്‌സിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്.  മലയാളത്തിലെ മികച്ച നോവലുകളും കഥകളും പ്രചോദനാത്മക രചനകളും ഉള്‍പ്പെടെയുള്ളവ ഹോം ക്വാറന്റയിനില്‍ കഴിയുന്നവരുടെ വീടുകളില്‍ എത്തിച്ചുതുടങ്ങി.

നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ നില വിലയിരുത്താനും ബോധവത്കരണ ലഘുലേഖകള്‍ നല്‍കാനുമായി ഭവന സന്ദര്‍ശനം നടത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരാണ് വിതരണം നടത്തുന്നത്.

 ഡി.സി. ബുക്‌സ് പ്രതിനിധികളായ എ.പി. ശ്രീകുമാറും ആര്‍.രാംദാസും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് പുസ്തകങ്ങള്‍ കൈമാറി.  ആരോഗ്യ കേരളം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.