ആശ്വാസമായി ആശാധാര അടിയന്തര ചികിത്സ ഉറപ്പാക്കും

post

വയനാട്: ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോഗികള്‍ക്ക് ആശ്വാസമായി 'ആശാധാര' പദ്ധതി. വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ 10 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കോവിഡിന് ശേഷം ഇതു രോഗീസൗഹൃദമായി പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അവശ്യമരുന്നുകളും ലഭ്യമാണ്. ഒരു ഫിസിഷ്യനെ നോഡല്‍ ഓഫിസറായും, ആരോഗ്യകേരളം വഴി സ്റ്റാഫ് നഴ്സിനെയും നിയമിച്ചിട്ടുണ്ട്.

ആശാധാര പദ്ധതിക്ക് കീഴില്‍ 1030 അരിവാള്‍ രോഗികള്‍ക്കും 42 ഹീമോഫീലിയ രോഗികള്‍ക്കും ജില്ലയില്‍ മികച്ച ചികിത്സാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി പറഞ്ഞു. 13 തലാസീമിയ രോഗികളും ചികിത്സ തേടുന്നുണ്ട്. ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ സമഗ്രമായ വികേന്ദ്രീകൃത ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച സംവിധാനമാണ് 'ആശാധാര' പദ്ധതി. ഇതിന്റെ ഭാഗമായി ജില്ലതിരിച്ചുള്ള രോഗികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ഹീമോഫീലിയ രോഗികളില്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് പ്രൊഫൈല്‍ ആക്സസ് നല്‍കുകയെന്നതും മുതിര്‍ന്ന ഹീമോഫീലിയ രോഗികള്‍ക്ക് രക്തസ്രാവം ഉണ്ടാകുന്ന മുറയ്ക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച ചികിത്സാ പ്രോട്ടോകോള്‍ ആധാരമാക്കി സൗജന്യ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ രക്തസ്രാവം ഉണ്ടാവുന്ന രോഗി താലൂക്ക്-ജില്ലാ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന മുറയ്ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളില്‍ 9074915803 എന്ന നമ്പറില്‍ ആശാധാര സ്റ്റാഫ് നഴ്‌സിന്റെ സേവനം ലഭിക്കും. ജില്ലയിലെ സിക്കിള്‍സെല്‍ രോഗികള്‍ക്കു സഹായത്തിനായി 9645587782 എന്ന നമ്പറില്‍ കോ-ഓഡിനേറ്ററെ ബന്ധപ്പെടാം. അടിയന്തര സാഹചര്യങ്ങളില്‍ 108 ആംബുലന്‍സ് സേവനവും ലഭിക്കും. ഇതുമില്ലെങ്കില്‍ വൈത്തിരി താലൂക്ക് ആശുപത്രി- 8089468148, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി- 9946105629, കല്‍പ്പറ്റ ജനറല്‍ ആശുപത്രി- 9656938689, ജില്ലാ ആശുപത്രി- 9747178525 എന്നീ നമ്പറുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍മാരുമായി ബന്ധപ്പെടാം. മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നുമുള്ള സഹായവും ലഭ്യമാണ്. ജില്ലാതലത്തില്‍ പ്രോഗ്രാം മാനേജ്മെന്റ് സപ്പോര്‍ട്ട് യൂണിറ്റില്‍ നിന്ന് ജില്ലാ പി.ആര്‍.ഒ- 9747211599, ആശാധാര പ്രോഗ്രാമിന്റെ ചാര്‍ജ് വഹിക്കുന്ന ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍- 8086010054 എന്നിവരുടെ സേവനവും ലഭിക്കും.