സീ വ്യൂ പാർക്ക് നാടിന് സമർപ്പിച്ചു

post

ജനുവരി 1ാം തിയതി വരെ എൻട്രി സൗജന്യം

ആലപ്പുഴ: ആലപ്പുഴയുടെ സൗന്ദര്യമാസ്വദിക്കാൻ എത്തുന്നവരുടെ ഉല്ലാസത്തിനായി അണിഞ്ഞൊരുങ്ങി സിവ്യൂ പാർക്ക്. പുതുവർഷ സമ്മാനമായി ടൂറിസം  വകുപ്പ് സീ വ്യൂ പാർക്ക് നാടിന് സമർപ്പിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുളള ബീച്ചിനു സമീപത്തെ സീവ്യൂ പാർക്കിൽ കുട്ടികൾക്കും മുതിർന്നുവർക്കുമായി മാനസിക ശാരീരിക ഉല്ലാസത്തിന് അഡ്വഞ്ചർ ടൂറിസം ഒരുങ്ങി. ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് പുതിയ മാനം നൽകുന്നതാണ് പദ്ധതി. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തിയാണ് പദ്ധതി ആരംഭിച്ചത്.


ഏറെ ആകർഷകമായ വിവിധതരം അഡ്വഞ്ചർ ടൂറിസം സംവിധാനങ്ങളും ബോട്ടിംഗ് സംവിധാനങ്ങളും ഇവിടെയുണ്ട്. സിപ്പ് ലൈൻ, റോപ്പ് റൈഡർ, റോപ്പ് സൈക്കിൾ, കാർണിവൽ ഗയിമുകൾ, ഹാൻഡ് പെഡൽ ബോട്ടുകൾ, ലെഗ് പെഡൽ ബോട്ട്, വാട്ടർ റോളർ, കയാക്കിങ്, റോപ്പ് റൈഡർ, ഫ്‌ലോട്ടിങ് ബ്രിഡ്ജ്, ലേസർ ഷോ, ഫ്‌ലോട്ടിംഗ് ഷോപ്പുകൾ, ലഘുഭക്ഷണ ശാലകൾ എന്നിവയടക്കം സജ്ജമാക്കി പദ്ധതിയിൽ കുട്ടികൾക്കുൾപ്പടെ മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ കായൽ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് ബീച്ച് ടൂറിസവും ഏറെ ആസ്വാദ്യകരമാക്കുന്ന അഡ്വഞ്ചർ പാർക്കിന്റെ ആദ്യ ഘട്ട ഒരുക്കങ്ങൾക്കായി 2.5 കോടി രൂപയാണ് ചെലവഴിക്കുന്നത്.


പാർക്കിന്റെ ചുമരുകൾ ചിത്രകലകൾ ചെയ്ത് മോഡിയാക്കുന്ന പ്രവർത്തികൾ പൂർത്തിയാകുന്നു. സംസ്ഥാനത്തിനകത്തും പുറത്തും സമാനമായ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ ഏജ്ലെസ് കമ്പനിയാണ് സീവ്യൂ അഡ്വഞ്ചർ ടൂറിസം പാർക്കിന്റെ സംരഭകർ. വെള്ളിയാഴ്ച്ചയാണ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പാർക്ക് ഉദ്ഘാടനം ചെയ്തത്.