നിറമരുതൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു

post

സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ പുതുതായി നിര്‍മിച്ച നിറമരുതൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിറമരുതൂര്‍ വില്ലേജ് പരിസരത്ത് സംസ്ഥാന റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

നാലുവര്‍ഷക്കാലം കൊണ്ട് കേരളം സമ്പൂര്‍ണമായി റിസര്‍വേ നടത്തുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. സംസ്ഥാനത്ത് 1966 ലാണ് റീസര്‍വേ നടപടികള്‍ ആരംഭിച്ചത്. 55 വര്‍ഷം കഴിഞ്ഞതിനു ശേഷവും 1666 വില്ലേജുകളില്‍ 915 വില്ലേജുകളിലാണ് റീസര്‍വേ നടപടി നടന്നത്. ഇവയില്‍ തന്നെ 95 വില്ലേജുകളില്‍ മാത്രമാണ് ഇ.ടി.എസ് മെഷീന്‍ ഉപയോഗിച്ച് ഡിജിറ്റല്‍ റീസര്‍വേ നടന്നിട്ടുള്ളത്.

സര്‍വേ നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ ആയിരം റോബോട്ടിക് ടോട്ടല്‍ സ്റ്റേഷനുകള്‍, ആയിരം ആര്‍ടികെ റോവറുകള്‍, 28 ഇടങ്ങളില്‍ നൂതന സാങ്കേതിക വിദ്യയായ സിഓആര്‍ സ്റ്റേഷനുകള്‍, തുറസായ സ്ഥലങ്ങള്‍ അളക്കാന്‍ ലഡാര്‍ ക്യാമറ ഫിറ്റ് ചെയ്തുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യയും സര്‍വേയില്‍ ഉപയോഗിക്കും. ഡ്രോണ്‍ അധിഷ്ഠിത സര്‍വേ നടപടികള്‍ പലസ്ഥലങ്ങളിലും ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

കേരളത്തിന്റെ ടോപ്പോഗ്രാഫിക്കല്‍ സര്‍വേ ഉള്‍പ്പടെ സകലപ്രശ്‌നങ്ങളും പരിഹരിക്കാനുതകുന്നതും സ്വകാര്യഭൂമിയും സര്‍ക്കാര്‍ ഭൂമിയും കേരളത്തിന്റെ പ്രകൃതി വിഭവങ്ങളുടെ വിശാലമായ മാപ്പും ലഭിക്കാന്‍ കഴിയുന്ന വിധത്തിലുമുള്ള ഡിജിറ്റല്‍ സര്‍വേയായിരിക്കും ഇത്. 858 കോടി രൂപ റീബില്‍ഡ് കേരള ഇനീഷിയേറ്റീവില്‍ നിന്ന് ഇതിനായി അനുമതിയായതായും അദ്ദേഹം അറിയിച്ചു.

റീ സര്‍വേ പൂര്‍ത്തീകരിച്ചാല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സോഫ്റ്റ് വെയർ ആയ പേളും റവന്യൂ വകുപ്പിന്റെ സോഫ്റ്റ് വെയർ ആയ റിലീസും സര്‍വേ വകുപ്പിന്റെ ഈ-മാപ്പും ഒന്നിച്ചു ചേര്‍ത്ത് ഇന്ത്യയിലാദ്യമായി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ എന്ന ആശയം കൊണ്ടുവരും. ഇതുവഴി ഒരാള്‍ക്ക് ഭൂമി വാങ്ങുമ്പോള്‍ തന്നെ അത് പോക്ക് വരവിന് പറ്റിയതാണോ, പോക്ക് വരവിന് തുല്യമായി പ്രതീക്ഷിച്ചടുത്തു തന്നെയാണോ ഭൂമി സ്‌കെച്ച് ചെയ്തത് എന്നൊക്കെ തിരിച്ചറിഞ്ഞു മാത്രം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കും. ഭൂമി തര്‍ക്കം ഉണ്ടായാല്‍ ദീര്‍ഘകാലം കോടതി വ്യവഹാരങ്ങളില്‍ പെടാതെ 'എന്റെ ഭൂമി' എന്ന പോര്‍ട്ടലില്‍ ഒരാളുടെ ഭൂമി യുടെ രൂപം മിനിറ്റുകള്‍ക്കകം മനസിലാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നിറമരുതൂര്‍ വില്ലേജ് ഓഫീസിലേക്കുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മന്ത്രിമാരായ കെ.രാജന്‍, വി.അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാകലക്ടര്‍, റവന്യുവകുപ്പ് അധികൃതര്‍ക്ക് ഉപകരണങ്ങള്‍ കൈമാറി. താനൂര്‍, പരിയാപുരം, ഒഴൂര്‍, താനാളൂര്‍, നിറമരുതൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം എന്നീ വില്ലേജ് ഓഫീസുകള്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുന്നത്.