ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ പരിശോധന

post

പത്തനംതിട്ട : കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ശബരിമലയില്‍ മാസപൂജയ്‌ക്കെത്തുന്ന തീര്‍ത്ഥാടകരെ പമ്പയില്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുകയും പനിയുള്ളവരെ ആശുപത്രിയിലേക്കു മാറ്റുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. പനി സ്ഥിരീകരിക്കുന്നവരെ മലകയറാന്‍ അനുവദിക്കില്ല. പനിയുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റും. ഈ വിവരം ഡി.എസ്.ഒയെ അറിയിക്കും. ഐസലേഷനില്‍ പ്രവേശിപ്പിക്കുന്നവരുടെ തൊണ്ടയിലെ ശ്രവം പരിശോധനയ്ക്ക് അയക്കുകയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടവരെ അഡ്മിറ്റ് ചെയ്യുകയും ചെയ്യും.

പമ്പയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിരിക്കുന്നതിന് സമീപമാണു മൂന്നു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 13ന് വൈകിട്ട് നാലു മുതല്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധന നടക്കുന്നത്. ഇന്ന് (മാര്‍ച്ച് 14) രാവിലെ എട്ട് വരെ 1300 പേരെ സ്‌ക്രീന്‍ ചെയ്തു. ഇതില്‍ കര്‍ണാടക സ്വദേശിയായ ഒരാള്‍ക്ക് പനി സ്ഥിരീകരിച്ചു. ഇയാളെ വിദഗ്ധ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇന്ന് (മാര്‍ച്ച് 14) രാവിലെ എട്ട് വരെ 80 പേരാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രിയില്‍ ഒ.പിയില്‍ ചികിത്സയ്ക്ക് എത്തിയത്. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയും മുത്തൂറ്റ് ആശുപത്രിയുമാണ് രണ്ടു ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എത്തിച്ചത്.