കോവിഡ് 19 : നേരിടാന്‍ മെഡിക്കല്‍ കോളേജ് സജ്ജം

post

തിരുവനന്തപുരം : കോവിഡ് 19 രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി വലിയ സൗകര്യങ്ങളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നേരത്തെ മുതല്‍ ഒരുക്കി വരുന്നത്. കോവിഡ് 19 ക്ലിനിക്ക്, 49 ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ ഐ.സി.യു. എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ രോഗികളെത്തിയാല്‍ ഐസൊലേഷന്‍ റൂമുകളുടെ എണ്ണം അതനുസരിച്ച് വര്‍ധിപ്പിക്കുന്നതാണ്. കോവിഡ് 19 ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് രോഗ പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ക്ലിനിക്ക് സ്ഥാപിച്ചത്.

 കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. ഡീലക്‌സ് പേ വാര്‍ഡിന്റെ താഴത്തെ നിലയിലാണ് കോവിഡ് 19 ക്ലിനിക്ക് ഒ.പി. സജ്ജമാക്കിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുമാണ് ഇവിടെയുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക സുരക്ഷയോടെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിക്കും. ഇല്ലാത്തവരെ വീട്ടിലെ നിരീക്ഷണത്തിനായി വിടും. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ ദിവസവും പ്രത്യേക മെഡിക്കല്‍ ബോഡ് യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തും.