മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

post

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം കൂടുതല്‍ ഗുണമേന്മയുള്ളതും പരാതി തീര്‍പ്പാക്കല്‍ സമയബന്ധിതവുമാക്കുന്നതിനും മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി അയക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമാണ് സി.എം.ഒ പോര്‍ട്ടല്‍.

cmo.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ, അക്ഷയ കേന്ദ്രങ്ങള്‍, തപാല്‍ വഴിയും നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയും ഓണ്‍ലൈനായും പരാതിക്കാര്‍ക്ക് ലഭ്യമാകും. പരാതികള്‍ക്ക് ലഭിക്കുന്ന മറുപടി സംബന്ധിച്ച ആക്ഷേപങ്ങള്‍ 1076 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാനും അവസരമുണ്ട്.

പരാതി ലഭിച്ചാല്‍ സമയബന്ധിതമായി തീര്‍പ്പാക്കല്‍, കൃത്യമായ വിവിധ തലത്തിലുള്ള പരിശോധന, വിശദമായ വിവരങ്ങളോടെ വ്യക്തമായ മറുപടി പരാതിക്കാരന് ലഭ്യമാക്കല്‍ എന്നിവയാണ് പരാതി പരിഹാരത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുള്ള പ്രധാന നടപടികളെന്ന് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് പറഞ്ഞു. കോടതി വ്യവഹാരം മറ്റ് കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ എന്നിവ ഒഴികെയുള്ള പരാതികള്‍ ലഭിച്ച് പതിനഞ്ചു ദിവസത്തിനകം തീര്‍പ്പാക്കണമെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ലഭിക്കുന്ന പരാതികള്‍ക്കും പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടേയും പരാതി പരിഹാര സംവിധാനത്തില്‍ ലഭിക്കുന്നവയും പരിശോധിച്ച് ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് ഓണ്‍ലൈന്‍ വഴി കൈമാറുന്നു.

സംസ്ഥാനത്ത് 2016 ലാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്‍ ആരംഭിച്ചത്. ഇതിനുശേഷം ലഭിച്ച 4,76,823 പരാതികളില്‍ 4,66,876 പരാതികള്‍ തീര്‍പ്പാക്കി. ഗുണമേന്മ ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനിലും പരിശീലനം നല്‍കുന്നുണ്ട്. സേവനത്തെക്കുറിച്ച് അപേക്ഷകരുടെ ഫീഡ്ബാക്ക് കൂടി ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സംവിധാനം ശക്തമായി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നത്.

കല്‍പ്പറ്റ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തിന് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ സെക്ഷന്‍ ഓഫീസര്‍ ദീപേഷ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജസ്റ്റിന്‍ ജോണ്‍ എന്നിവര്‍ ക്ലാസ്സെടുത്തു.വിവിധ വകുപ്പുകളിലെ സി.എം.ഒ വെബ് പോര്‍ട്ടല്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്കും ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുമാണ് പരിശീലനം നല്‍കിയത്.

എ.ഡി.എം. എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ് എന്നിവര്‍ പരിശീനത്തിന് നേതൃത്വം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി 4 സെഷനുകളായാണ് പരിശീലനം നല്‍കുന്നത്. ഇന്ന് (ചൊവ്വ) രാവിലെ 10 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലും പരിശീലനം നടക്കും.