ഭക്ഷണാരാമം പദ്ധതിക്ക് തുടക്കമിട്ട് ആലങ്ങാട് കാര്‍ഷിക കര്‍മ്മസേന

post

എറണാകുളം: ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആലങ്ങാട് കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഭക്ഷണാരാമം പദ്ധതി തുടങ്ങി. എല്ലാ വീടുകളിലും അലങ്കാരചെടികള്‍ ഉണ്ടാകുമെങ്കിലും ആഹാരചെടികള്‍ ഉണ്ടാകാറില്ല. അലങ്കാരത്തോടൊപ്പം അല്‍പം ആഹാരവും ഒരേ തോട്ടത്തില്‍ നിന്നു വളര്‍ത്തിയെടുക്കുക എന്നതാണ് ഭക്ഷണാരാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും വികസിപ്പിച്ചെടുക്കേണ്ട മാതൃകയാണ് ഭക്ഷണാരാമം. പാനായിക്കുളത്ത് 50 സെന്റ് സ്ഥലത്ത് ഭക്ഷണരാമം ഒരുക്കുകയാണ് ആലങ്ങാട് കാര്‍ഷിക കര്‍മ്മസേന. വീട്ടു മുറ്റങ്ങളില്‍ അലങ്കാര സസ്യങ്ങളോടൊപ്പം ആഹാര ചെടികളും നട്ടുപിടിപ്പിച്ച് കൊടുത്ത് പദ്ധതി എല്ലാ വീടുകളിലും എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ആലങ്ങാട് കാര്‍ഷിക കര്‍മ്മസേനയും ആലങ്ങാട് കൃഷി ഭവനും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷണാരാമം പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമപഞ്ചായത്തിനെ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്കെത്തിക്കുവാനായി എല്ലാ വീടുകളിലും ഭക്ഷണാരാമം പദ്ധതി നടപ്പിലാക്കുന്നതിനുള്ള പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.