കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക്

post

കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളൊരുക്കിയതിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക് ഉയര്‍ന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. നബാര്‍ഡ് അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ചവറ സര്‍ക്കാര്‍ എച്ച്.എസ്.എസിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂന്നാം നില കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹൈസ്‌കൂള്‍ വിഭാഗത്തിന് മൂന്നു കോടി പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചാല്‍ മാത്രമേ അക്കാദമിക സൗകര്യം മെച്ചപ്പെടുത്താനാവൂ.. അക്കാദമിക നിലവാരത്തില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റം നാടിന്റെ വളര്‍ച്ചയ്ക്ക് വേഗത കൈവരിക്കാന്‍ സഹായകമാകും. ഈ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് മാതൃകയാണ്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതോടെ വിദ്യാര്‍ഥികളുടെ പഠനനിലവാരവും ഉയര്‍ന്നു. പ്രശംസാര്‍ഹമായ നിലയിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പ് സാധ്യമാക്കിയത്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ വരുംവര്‍ഷങ്ങളില്‍ കലോത്സവം നടത്തുമെന്നും മന്ത്രി പറഞ്ഞു.


വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം ഏറെ മുന്നില്‍ 

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം ഏറെ മുന്നിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ചിറ്റൂര്‍ ഇടപ്പള്ളികോട്ട സര്‍ക്കാര്‍ യു.പി എസിലെ നവീകരിച്ച ആധുനിക പ്രീപ്രൈമറി ക്ലാസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മികച്ച ഭൗതിക സാഹചര്യങ്ങളും പഠന രീതിയിലെ നൂതന മാറ്റവും പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ച് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് വളര്‍ന്നു. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് അധ്യാപകരും തയ്യാറെടുക്കണം. പ്രീ പ്രൈമറി സ്‌കൂളുകളെ ശാക്തീകരിക്കുന്ന നടപടികള്‍ ദ്രുതഗതിയിലാക്കുമെന്നും കാലാനുസൃതമായ മാറ്റങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖല ഉന്നത നിലവാരത്തിലേക്ക് ഉയരുകയാണെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ പ്രീപ്രൈമറി സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തിലാക്കും

സംസ്ഥാനത്തെ എല്ലാ പ്രീപ്രൈമറി സ്‌കൂളുകളും രാജ്യാന്തര നിലവാരത്തിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഓച്ചിറ വലിയകുളങ്ങര സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ സമഗ്രശിക്ഷ കേരള സ്റ്റാര്‍സ് ഫണ്ട് ഉപയോഗിച്ചു നവീകരിച്ച ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം 44 കോടി രൂപ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലാക്കുന്നതിന് ചിലവഴിക്കും. കുട്ടികള്‍ക്ക് സ്‌കൂളുകള്‍ സന്തോഷം നല്‍കുന്ന കേന്ദ്രങ്ങള്‍ ആകണം. വിനോദവും കലയും ശാസ്ത്രവും ഒന്നിക്കുന്നത് ആകണം സ്‌കൂളുകള്‍. അടിച്ചേല്‍പ്പിക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ഉണ്ടാകരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷനായി. ശാസ്ത്രഇടത്തിന്റെ ഉദ്ഘാടനം എ. എം.ആരിഫ് എം.പി നിര്‍വ്വഹിച്ചു.


ശാസ്ത്രീയ പാഠ്യപദ്ധതി സര്‍ക്കാര്‍ ലക്ഷ്യം

ശാസ്ത്രീയ പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തഴവ ആദിത്യ വിലാസം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷകളും സമ്മര്‍ദ്ധങ്ങളും പരമാവധി കുറയ്ക്കുന്ന ശാസ്ത്രീയ പാഠ്യപദ്ധതിയാണ് ആവശ്യം. സ്‌കൂളുകള്‍ അധ്യാപകരുടെ മാത്രം ഉത്തരവാദിത്തം അല്ല. പഞ്ചായത്ത് മുതല്‍ പി.ടി.എ വരെ ഉള്ളവര്‍ക്ക് അതില്‍ ചുമതലകളുണ്ട്.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സ്‌കൂളുകള്‍ ഇപ്പോഴില്ല. സന്തോഷപൂര്‍വമായ പഠനാന്തരീക്ഷം ഒരുക്കാന്‍ അധ്യാപകര്‍ മാറ്റത്തിനൊപ്പം നില്‍ക്കണം. ഭൂരിപക്ഷം അധ്യാപകരും ഇക്കാര്യത്തില്‍ മാതൃകയാണ്. എന്നാല്‍ ചില അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.