വിവാഹച്ചടങ്ങുകളിലെ പങ്കാളിത്തം 70ല്‍ കൂടാന്‍ പാടില്ല

post

വയനാട് : കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വാര്‍ഡ് തലത്തില്‍ റാപിഡ് റെസ്‌പോസ് ടീമുകള്‍ രൂപീകരിക്കാന്‍ ഗതാഗത  മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ആശ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മസേന, ജനമൈത്രി പോലീസ്, കുടുംബശ്രീ തുടങ്ങിയവരെ ഉള്‍പ്പെടുത്തി രോഗ പ്രതിരോധ ബോധവത്കരണം ശക്തമാക്കും. 75 പേരാണ് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് കൗണ്‍സലിംഗ് ഉള്‍പ്പെടെ ആവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നുണ്ട്.

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുവരുടെ എണ്ണം പരമാവധി 70 പേരായി ചുരുക്കുന്നതിന് നിര്‍ദേശം നല്‍കി. കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടുകയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകള്‍ നിര്‍ത്തിവെക്കുന്നതിന് നിര്‍ദേശം നല്‍കി. ഇത് ലംഘിക്കുവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മതപരമായ ചടങ്ങുകളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കണം.

നിരീക്ഷണത്തില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുകയും, മാനസികമായി തളര്‍ത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പൊതു ഇടപെടല്‍ ഉണ്ടാവാന്‍ പാടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

ജില്ലയില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ സാനിറ്റേഷന്‍ ക്യാമ്പയിനുകള്‍ നടത്തും. ക്യാമ്പയിനിന്റെ ഭാഗമായി വീടുകള്‍ തോറും ബോധവത്കരണവും അടിയന്തിര ഘട്ടങ്ങളില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ട നമ്പറുകളും നല്‍കും. കുടുംബശ്രീ വഴി ജില്ലയില്‍ 10,000 മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് നിര്‍ദേശം നല്‍കി. 

മാര്‍ച്ച് 16ന് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം  ചേരുന്നതിന് ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.  അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എല്ലാവിധ നിര്‍ദേശങ്ങള്‍ക്കും സംശയങ്ങള്‍ക്കും 04936 204151, 8078409770 എന്ന നമ്പറിലോ ദിശയുടെ 1056 എന്ന  നമ്പറിലോ ബന്ധപ്പെടാവുതാണ്.