എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ലേബര്‍ റൂമിനോട് ചേര്‍ന്ന് അടിയന്തര ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജമായി

post

ട്രയല്‍ റണ്‍ തുടങ്ങി

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ലേബര്‍ റൂമിനോട് ചേര്‍ന്ന് അടിയന്തര ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജമായി. അടിയന്തര ഘട്ടങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലെക്‌സിലേക്ക് എത്തിപ്പെടുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനാണ് ഈ നടപടി. ലേബര്‍ റൂമില്‍ നിന്നും അടിയന്തരമായി ഉണ്ടാകുന്ന ശാസ്ത്രക്രിയകള്‍ അവിടെത്തന്നെ ചെയ്യാവുന്ന തരത്തിലാണ് ഓപ്പറേഷന്‍ തീയേറ്റര്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ലേബര്‍ റൂമിലെ അടിയന്തര ശാസ്ത്രക്രിയ മറ്റൊരു ബ്ലോക്കിലെ കോമണ്‍ ഓപ്പറേഷന്‍ തീയേറ്ററിലാണു നടത്തുന്നത്.

മെഡിക്കല്‍ കോളേജ് തനത് ഫണ്ടുകള്‍ ഉപയോഗിച്ച് പി.ഡബ്ല്യൂ.ഡി ആണ് ഓപ്പറേഷന്‍ തീയറ്റർ നിർമ്മിച്ചത്. തീയറ്ററിലേക്ക് ആവശ്യമായി വരുന്ന അധിക സ്റ്റാഫിനെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ നിയമിച്ചു. രണ്ട് ഗൈനക്കോളജിസ്റ്റ്, രണ്ട് അനസ്‌തേഷ്യ ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നേഴ്‌സ്, അഞ്ച് അറ്റന്‍ഡര്‍മാര്‍ എന്നിവരെയാണ് നിയോഗിച്ചട്ടുള്ളത്.

നിലവില്‍ രാവിലെ എട്ട് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് ഈ അടിയന്തര ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തിക്കുക. ക്രമേണ ഇത് 24 മണിക്കൂര്‍ ആക്കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ അറിയിച്ചു. ഇതിന്റെ ട്രയല്‍ റണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനോടനുബന്ധിച് ആന്റിനേറ്റല്‍ സ്‌കാനിംങും ഓപ്പറേഷന്‍ ചെയ്തവരെ നിരീക്ഷിക്കാനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഓപ്പറേഷന്‍ തീയറ്റര്‍ രോഗികള്‍ക്ക് ഏറെ പ്രയോജകരവും ആശ്വാസകരവുമാകുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

പ്രസവ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ധനയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ ഉണ്ടായത്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച നവജാത ശിശു വിഭാഗവും പ്രവര്‍ത്തിക്കുന്നത് എറണാകുളം മെഡിക്കല്‍ കോളേജിലാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് നല്‍കുന്നത് എന്ന് സൂപ്രണ്ട് ഡോ ഗണേഷ് മോഹന്‍ അറിയിച്ചു.