വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ 'പടവുകള്‍' കയറാം

post

കാസര്‍കോട്: വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ പടവുകള്‍. വനിത ശിശുവികസന വകുപ്പ് സംസ്ഥാന സര്‍ക്കാര്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയിലൂടെ വിധവകളുടെ മക്കള്‍ക്ക് ഉന്നത പഠനത്തിനുള്ള അവസരമാണ് കൈവരുന്നത്. വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയ്ക്ക് ഇതുവഴി ധനസഹായം ലഭിക്കും. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബനാഥനെ നഷ്ടപ്പെടുമ്പോള്‍ മിക്ക കുടുംബങ്ങളുടെയും തുടര്‍ ജീവിതം അരക്ഷിതാവസ്ഥയിലും അനാഥത്വത്തിലുമാണ് അവസാനിക്കുന്നത്. ഇത്തരം കുടുംബത്തില്‍പ്പെടുന്ന കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുക, അവരെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ധനസഹായം ലഭ്യമാകാന്‍ ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം.


പദ്ധതിയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെ

സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സ് (എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, എം.ബി.എ) മെറിറ്റില്‍ പഠിക്കുന്ന വിധവകളുടെ മക്കളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഓരോ കോഴ്‌സിനും നിശ്ചയിച്ചിട്ടുള്ള ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് (മെസ് ഫീസ് ഉള്‍പ്പെടെ) നല്‍കുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകളില്‍ പഠിക്കുന്നവരും കേരളത്തില്‍ സ്ഥിതാമസമാക്കിയവരുമായിരിക്കണം അപേക്ഷകര്‍. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ കവിയാന്‍ പാടില്ല.

പഠിക്കുന്ന സ്ഥാപനത്തിലെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ സംബന്ധിച്ച് നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ഹാജരാക്കണം. സര്‍ക്കാരില്‍ നിന്നും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങുന്നവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല. അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്.

അര്‍ഹരായവര്‍ http://schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും അടുത്തുളള അങ്കണവാടികളില്‍ നിന്നും ഐ.സി.ഡി.എസ് കാര്യാലയങ്ങളില്‍ നിന്നും ലഭിക്കും.


അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍

അപേക്ഷാ ഫോറം, കോഴ്‌സ്/ഹോസ്റ്റല്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥിയുടെ മാതാവ് വിധവയാണെന്നും പുനര്‍വിവാഹം നടന്നിട്ടില്ലായെന്നുമുള്ള രേഖ (വില്ലേജ് ഓഫീസര്‍ നല്‍കുന്നത്), അപേക്ഷകയുടെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി, മുന്‍വര്‍ഷം ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ ഫീസടച്ച രസീതുകളുടെ പകര്‍പ്പും, ധനസഹായ തുക ഫീസ് തുകയെക്കാള്‍ അധികരിക്കുന്നില്ല എന്ന സാക്ഷ്യപത്രവും ഉള്‍പ്പെടുത്തണം.