''നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ''; കാര്‍ബണ്‍ രഹിത സമൂഹത്തിനായി നവകേരളം മിഷന്‍ പദ്ധതി

post

കാസര്‍കോട്: നവകേരളം മിഷന്‍ ജില്ലയിലെ തദ്ദേശ സ്ഥാപനതലങ്ങളില്‍ ജനപങ്കാളിത്തത്തോടെ ''നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ''പദ്ധതി നടപ്പിലാക്കും. കാര്‍ബണ്‍ഡൈഓക്സൈഡ്, മീഥെയിന്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന രീതിയില്‍ പരിമിതിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം, വൃക്ഷവത്കരണം, ഊര്‍ജസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഇടപെടലിലൂടെയാണ് ഇത് സാധ്യമാക്കുക.

നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനായി വലിയ പറമ്പ, തൃക്കരിപ്പൂര്‍, പിലിക്കോട്, കിനാനൂര്‍-കരിന്തളം, മടിക്കൈ, പുല്ലൂര്‍ പെരിയ, ബേഡഡുക്ക, മുളിയാര്‍, ദേലംപാടി, പുത്തിഗെ പഞ്ചായത്തുകളാണ് ആദ്യഘട്ടത്തില്‍ മുന്നോട്ട് വന്നിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്ന സ്ഥാപനങ്ങളെയും മറ്റ് കാര്‍ബണ്‍ പുറംതള്ളുന്ന സ്രോതസ്സുകളെയും വിവിധ വിഭാഗങ്ങളായി ആദ്യം തരംതിരിക്കും. ഈ ഓരോ വിഭാഗത്തിലും ആവശ്യമെങ്കില്‍ വീണ്ടും വിഭജനം വരുത്തും. പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളെ യൂണിറ്റായി കണക്കാക്കും. സ്‌കൂള്‍ ആണെങ്കില്‍ സ്‌കൂളും അതിനു ചുറ്റുമുള്ള പ്രദേശവും, വീടാണെങ്കില്‍ വീടും ഭൂമിയും എന്നിങ്ങനെയായിരിക്കും യൂണിറ്റുകള്‍ രൂപീകരിക്കുക.

തദ്ദേശ ഭരണ സ്ഥാപന ഓഫീസ്, തദ്ദേശ ഭരണ സ്ഥാപനത്തിന് കൈമാറിയിട്ടുള്ള ഓഫീസുകള്‍, സ്‌കൂളുകള്‍, കല്യാണ മണ്ഡപങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍, തരിശ് ഭൂമി, ജലനിര്‍ഗ്ഗമന സംവിധാനങ്ങള്‍ എന്നിവയാണ് നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പ്രവര്‍ത്തനത്തിനായി ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന യൂണിറ്റുകള്‍. തെരഞ്ഞെടുത്ത യൂണിറ്റുകളില്‍ ഇടപെടേണ്ട ജനവിഭാഗങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിച്ച് യൂണിറ്റിന്റെ പ്രവര്‍ത്തന മേഖലകളും പരിധികളും നിര്‍ണയിക്കും. പ്രദേശിക ഭൂപ്രകൃതി, കാലാവസ്ഥ, ജനവാസം, സമാൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഹ്രസ്വകാല ലക്ഷ്യങ്ങള്‍, ഇടക്കാല ലക്ഷ്യങ്ങള്‍, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതും താരതമ്യേന ചെലവുകുറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ ഹ്രസ്വകാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തും. രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതും കൂടുതല്‍ ധനവിനിയോഗം ആവശ്യമുള്ളതുമായ പ്രവര്‍ത്തനങ്ങളെ ഇടക്കാല ലക്ഷ്യങ്ങള്‍ എന്ന ഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അഞ്ച് വര്‍ഷമോ അതിന് മുകളിലോ കാലയളവ് ആവശ്യമായവയും കൂടുതല്‍ ഗവേഷണവും ആസൂത്രണവും ചെലവും വേണ്ടി വരുന്നവയെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ പറഞ്ഞു.