മകര ജ്യോതി ദര്‍ശനം; സന്നിധാനത്ത് പഴുതടച്ച സുരക്ഷയൊരുക്കി പോലീസ്

post

മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് അനുഭവപ്പെടാന്‍ ഇടയുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷയും ജാഗ്രതയുമൊരുക്കാന്‍ പോലീസ് സേന സുസജ്ജമായി കഴിഞ്ഞുവെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ഇ എസ് ബിജുമോന്‍ പറഞ്ഞു. തിരുവാഭരണ ദര്‍ശനത്തിനും മകരജ്യോതി ദര്‍ശനത്തിനും ശേഷം സന്നിധാനത്തു നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരികെയുള്ള യാത്ര സുഗമാക്കുന്നതിനായി പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലുമായി പോലീസ് ഒരുക്കിയിട്ടുള്ളത്.

സന്നിധാനത്തോട് ചേര്‍ന്ന് പാണ്ടിത്താവളത്തും സമീപ ഇടങ്ങളിലുമായി അയപ്പ ഭക്തര്‍ പര്‍ണ്ണശാലകള്‍ കെട്ടി മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. ഇവിടെ വരുന്ന ആളുകളെ സുരക്ഷിതമായി തിരികെ ഇറക്കുന്നതിനായി രണ്ട് പാതകള്‍ ക്രമീകരിക്കാനാണ് പോലീസ് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ പാതകളില്‍ ചെയ്ത് തീര്‍ക്കേണ്ട മരാമത്തു ജോലികള്‍ തീര്‍ക്കുന്നതിനായി ദേവസ്വം എന്‍ജിനീയറിംഗ് വിഭാഗവും വാട്ടര്‍ അതോററ്റിയുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കെ എസ് ഇ ബിയുടെ സഹകരണത്തോടെ ഈ പാതകള്‍ പ്രകാശപൂരിതമാക്കിയിട്ടുണ്ട്.

പാണ്ടിത്താവളം ജംഗ്ഷനില്‍ നിന്നും അന്നദാന മണ്ഡപത്തിന്റെ പിറകില്‍ കൂടി പോലീസ് ബാരക്ക് വഴി ബെയിലി പാലത്തില്‍ എത്തുന്ന രീതിയിലും പാണ്ടിത്താവളത്തു നിന്നും നൂറ്റെട്ട് പടിക്ക് സമീപം പോലീസ് വയര്‍ലെസ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും തിരിഞ്ഞ് ഗസ്റ്റ് ഹൗസുകളുടെ പിറകില്‍ കൂടി ട്രാക്ടര്‍ റോഡ് വഴി സന്നിധാനം റോഡില്‍ കയറുന്ന രീതിയിലുമാണ് സന്നിധാനത്തു നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരികെയുള്ള യാത്ര ക്രമീകരിച്ചിട്ടുള്ളത്.

മകരജ്യോതി ദര്‍ശനത്തിന് ശേഷം സ്വാമി അയ്യപ്പന്‍ റോഡ് വഴി ഭക്തരുടെ മടക്കയാത്ര സാധ്യമാക്കും. ഈ സമയം ഇതുവഴിയുള്ള ട്രാക്ടര്‍ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിക്കില്ല. യാത്ര ഒറ്റദിശയിലേക്ക് ക്രമീകരിക്കും. ഇത്തവണ ഉണ്ടാകാന്‍ ഇടയുള്ള ഭക്തരുടെ തിരക്ക് മുമ്പില്‍ കണ്ട് സന്നിധാനത്ത് വിവിധ സെക്ടറുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഡിവിഷനുകളായി തിരിച്ച് രണ്ട് ഐ പി എസ്, എസ് പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

പാണ്ടിത്താവളം മുതല്‍ ബെയിലിപ്പാലം വരെ ഒരു ഡിവിഷനും വടക്കെ നടയും തിരുമുറ്റവും മാളികപ്പുറവുമടങ്ങുന്ന കേന്ദ്രങ്ങള്‍ മറ്റൊരു ഡിവിഷനുമാണ്. പാണ്ടിത്താവളം മുതല്‍ ബെയ്‌ലി പാലം വരെയുള്ള ഡിവിഷന്റെ ചുമതല വയനാട് എസ്.പി. ആര്‍. ആനന്ദിനും വടക്കേനട തിരുമുറ്റം മാളികപ്പുറം മേഖലയുടെ ചുമതല കോഴിക്കോട് ഡി.സി.പി കെ.ഇ. ബൈജുവിനുമാണ് നല്‍കിയിരിക്കുന്നത്.

നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ചുമതല ഏല്‍ക്കുകയും ഈ മേഖലകളില്‍ എത്തി സ്ഥിതി വിലയിരുത്തുകയും ചെയ്തു. രണ്ട് കമ്പനി പോലീസിനെ അധികമായി സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.

എ.ഡി.ജി.പി. ഉള്‍പ്പടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവസാനവട്ട വിലയിരുത്തലുകള്‍ നടക്കും. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്. ആറ് ഡിവൈഎസ്പിമാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പോലീസിനെ എത്തിക്കേണ്ടി വന്നാല്‍ അതിനായുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെ വിവിധ കമാന്‍ഡോ വിഭാഗങ്ങളും ഇതര സേനാ വിഭാഗങ്ങളും ഭക്തര്‍ക്ക് സുഗമമായ മകരജ്യോതി ദര്‍ശനത്തിനായുള്ള സൗകര്യമൊരുക്കാന്‍ സജ്ജരായി കഴിഞ്ഞു. പര്‍ണ്ണശാലകള്‍ തീര്‍ത്ത് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുന്ന ഭക്തര്‍ അഗ്‌നി കൂട്ടി ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലായെന്ന കോടതി നിര്‍ദേശവും പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.