കൊറോണ: ജനങ്ങളുടെ സ്വയം നിയന്ത്രണം പ്രധാനം : മന്ത്രി ഇ പി ജയരാജന്‍

post

മാര്‍ച്ച് 16ന് തദ്ദേശസ്ഥാപനതല യോഗങ്ങള്‍  ,

മാര്‍ച്ച് 18 മുതല്‍ 22 വരെ വീട് കയറി ബോധവല്‍ക്കരണം

കണ്ണൂര്‍ : ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണയെ പ്രതിരോധിക്കാന്‍ ജനങ്ങളുടെ സ്വയംനിയന്ത്രണം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കൊറോണയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായി മനുഷ്യനിലേക്ക് വ്യാപിച്ച കോവിഡ് 19 വൈറസിനെതിരേ പ്രതിരോധ വാക്‌സിന്‍ ഇതേവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ നാം ഓരോരുത്തരും ശ്രദ്ധിച്ചാല്‍ അതിന്റെ വ്യാപനം പൂര്‍ണമായി തടയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി മാര്‍ച്ച് 18 മുതല്‍ 22 വരെ വീടുകള്‍ കയറി നിര്‍ദ്ദേശങ്ങള്‍ നല്‍കും. തദ്ദേശസ്ഥാപന പ്രതിനിധി, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍ എന്നിവരടങ്ങുന്ന സംഘമാണ് വാര്‍ഡ്തലത്തില്‍ വീടുകളില്‍ കാംപയിന്‍ നടത്തുക. ഇതിനു മുന്നോടിയായി മാര്‍ച്ച് 16ന് തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേകം യോഗം വിളിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്ഥാപന അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കണം. പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മാഹി പ്രദേശത്തെ കൂടി ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഇതിനായി മാഹി അഡ്മിനിസ്‌ട്രേറ്ററുമായി ജില്ലാ കലക്ടര്‍ ബന്ധപ്പെടും.

കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശനാടുകളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ ഉടന്‍ തന്നെ തദ്ദേശസ്ഥാപന പ്രതിനിധികളുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി. ഇതിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറമെ, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കും.

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ഒരു മുറി മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും വീട്ടിലുള്ള മറ്റുള്ളവരുമായി ഇടപഴകുന്നത് പരമാവധി കുറയ്ക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. അത് രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ജനങ്ങളില്‍ ഭയാശങ്കക്കും കാരണമാവും. ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയവ ആവശ്യമുള്ള രോഗികളുള്ള വീടുകളില്‍ കൊറോണ ബാധ സംശയിക്കുന്നവര്‍ ഐസൊലേഷനില്‍ കഴിയുന്നത് ഒഴിവാക്കണം. കുട്ടികള്‍, പ്രായമുള്ളവര്‍, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് എളുപ്പത്തില്‍ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ കൊറോണ സംശയിക്കുന്നവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

കൂടുതല്‍ ആളുകള്‍ ഒരുമിച്ചുകൂടുന്ന ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവ രോഗവ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്ന് യോഗം വിലയിരുത്തി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ ആളുകളെ പരമാവധി കുറച്ച് നടത്താനും യോഗം ആഹ്വാനം ചെയ്തു. ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. മെഡിക്കല്‍ കോളേജ് ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും പരീക്ഷകളുമായി പ്രവര്‍ത്തിക്കണം.

കൊറോണ വ്യാപനം തടയാന്‍ ഹാന്റ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങി വ്യക്തിശുചിത്വം ഉറപ്പുവരുത്തണം. ഉപയോഗിച്ച മാസ്‌ക്കുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പരിസര ശുചിത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.