ഓര്‍ക്കുളം പാലം യാഥാര്‍ത്ഥ്യമാകുന്നു : 39.98 കോടിയുടെ ഭരണാനുമതി

post

കാസര്‍കോട്: തീരദേശ മേഖലയുടെ വികസനത്തില്‍ നാഴികക്കല്ലാവുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ അഴിത്തലയെയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഓര്‍ക്കുളത്തെയും ബന്ധിപ്പിക്കുന്ന ഓര്‍ക്കുളം പാലം യാഥാര്‍ത്ഥ്യമാകുന്നു. പാലത്തിന് 39.9 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.  നിര്‍ദിഷ്ട തീരദേശ ഹൈവേയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ പാലം ഗതാഗത രംഗത്തോടൊപ്പം ടൂറിസം,മത്സ്യബന്ധന, വാണിജ്യരംഗത്ത കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ്. മടക്കര തുറമുഖം, അഴിത്തല ഫിഷിംഗ് ലാന്‍ഡ് സെന്റര്‍, പുലിമുട്ട്, കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍, അഴിത്തല ബീച്ച് തുടങ്ങിയവയുടെയെല്ലാം വികസനത്തിന് ഓര്‍ക്കുളം പാലം സഹായകമാകും.

2017 -18 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ വകയിരുത്തി പദ്ധതി പ്രഖ്യാപിച്ചു. എന്നാല്‍ തേജസ്വിനി പുഴയുടെ ഏറ്റവും വീതി കൂടിയ ഭാഗങ്ങളില്‍ ഒന്നായ ഇവിടെ 300 മീറ്റര്‍ ആണ് പുഴയുടെ വീതി. അതുകൊണ്ടുതന്നെ പദ്ധതിയുടെ ഡിസൈന്‍ പൂര്‍ത്തീകരിച്ച് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴേക്കും അടങ്കല്‍ തുക 39.98 കോടിയായി. ഈ അധികരിച്ച തുകയ്ക്ക് എം.രാജഗോപാലന്‍ എംഎല്‍എ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലുമായി ചര്‍ച്ചയെത്തുടര്‍ന്ന പ്രത്യേക അനുമതി നല്‍കുകയായിരുന്നു.

തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗമാണ് നിര്‍മ്മിക്കുക. നൂതന സാങ്കേതികവിദ്യയായ പ്രീസ്ട്രസ്ഡ് കോണ്‍ക്രീറ്റ് ബീമുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിക്കുക. 316 മീറ്റര്‍ നീളം വരുന്ന പാലത്തിന്റെ ഇരുഭാഗങ്ങളിലും ആവശ്യമായ സംരക്ഷണ വ്യക്തിയോടുകൂടി 320 മീറ്റര്‍ അനുബന്ധ റോഡും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദേശീയ ജലപാത റൂട്ടില്‍ വിഭാവനം ചെയ്തതിനാല്‍ തന്നെ നടുഭാഗത്ത് ജലോപരിതലത്തില്‍ നിന്ന് ആറു മീറ്റര്‍ ഉയരത്തില്‍ 55 മീറ്റര്‍ നീളമുള്ള ഒരു ആര്‍ച്ച് ടൈപ്പ് സ്പാനും, 35 മീറ്റര്‍ നീളമുള്ള ആറു സ്പാനുകളും, 12.5 മീറ്റര്‍ നീളമുള്ള നാലു സ്പാനുകളും ആണ് ഉള്ളത്. ഇരുഭാഗങ്ങളിലും ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതകളുള്ള പാലത്തിന്റെ ആകെ വീതി 11 മീറ്റര്‍ ആണ്.