സാന്ത്വന പരിചരണം ഒരു സംസ്ക്കാരമായി വളർന്നു വരണം

post

കോഴിക്കോട്: സാന്ത്വന പരിചരണം ഒരു സംസ്ക്കാരമായി വളർന്നു വരണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ദേശീയ പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'സാഗർ കിനാരെ ' കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീടുകളിൽ കിടപ്പിലാകുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗീപരിചരണം ബന്ധുക്കളുടെ മാത്രം കടമയല്ലെന്നും സമൂഹത്തിൻ്റെ കൂടി കടമയാണെന്നും മന്ത്രി പറഞ്ഞു. രോഗാവസ്ഥയിലും ഒറ്റപ്പെടലിലും കഴിയുന്നവർക്ക് അതിന് മുമ്പ് ജീവിച്ച അന്തസ്സോടെയുള്ള അവസ്ഥ ഒരുക്കാനാണ് പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്നും അതുവഴി ജീവിതാവസാനം വരെ ആത്മാഭിമാനത്തോടെ ജീവിക്കാൻ അവർക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു വീട്ടിൽ ഒരു വളൻ്റിയർ എന്ന മുദ്രാവാക്യം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിവിധ പാലിയേറ്റീവ് യൂണിറ്റുകൾക്കും പാലിയേറ്റീവ് പ്രവർത്തകർക്കുള്ള ഉപഹാരവും ചടങ്ങിൽ മന്ത്രി കൈമാറി.

കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ നാസർ, പി ദിവാകരൻ, കൗൺസിലർ ഡോ.അജിത, ഡോ.സുരേഷ് കുമാർ, ഡോ. ദീപ തുടങ്ങിയവർ സംസാരിച്ചു.  പരിപാടിയിൽ എത്തിച്ചേർന്ന മുഴുവൻ കിടപ്പു രോഗികൾക്കും നഗരസഭയുടെ ഉപഹാരവും കൈമാറി. തുടർന്ന് വിവിധ കലാപരിപാടികളും നാടൻപാട്ട് അവതരണവും അരങ്ങേറി.