കാസര്‍കോട് കാര്‍ഷിക സെന്‍സസിന് തുടക്കം

post

കാസര്‍കോട്: കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നമനത്തിനും കര്‍ഷകരുടെ പുരോഗതിക്കും വേണ്ടിയുള്ള പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ജില്ലയില്‍ ആരംഭിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ,കാര്‍ഷിക സംഘടനയുടെ ആഹ്വാനപ്രകാരം സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക സെന്‍സസ് നടക്കുന്നത. രാജ്യവ്യാപകമായി നടത്തുന്ന കാര്‍ഷിക സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കും.

കാര്‍ഷിക മേഖലയുടെ ഏറ്റവും പുതിയ മാറ്റങ്ങള്‍ മനസ്സിലാക്കുക എന്നതാണ് സര്‍വേയുടെ ലക്ഷ്യം. രാജ്യത്ത് കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നതിനും സംസ്ഥാനത്തും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തലത്തിലും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും കാര്‍ഷിക സെന്‍സസിലെ വിവരങ്ങളാണ് മാനദണ്ഡമാക്കുക.

സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിലെ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ കാര്‍ഷിക സെന്‍സസ് സര്‍വേയ്ക്കായി എന്യൂമറേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കൈവശാനുഭവ ഭൂമി സംബന്ധിക്കുന്ന വിവരങ്ങള്‍ ഓരോ വീട്ടില്‍ നിന്നും സ്ഥാപനത്തില്‍ നിന്നും എന്യൂമറേറ്റര്‍മാരാണ് ശേഖരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലൂടെയാണ് കാര്‍ഷിക സെന്‍സസ് നടത്തുക. ഒന്നാം ഘട്ടത്തില്‍ മുഴുവന്‍ വാര്‍ഡുകളിലെയും വീടും സ്ഥാപനങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് അതാത് വാര്‍ഡിലെ കാര്‍ഷിക ഭൂമി കൈവശമുള്ള കര്‍ഷകന്റെയും കൈവശാനുഭവ ഭൂമിയുടെയും വിവരങ്ങള്‍, സാമൂഹ്യ വിഭാഗം, ലിംഗപദവി, ഉടമസ്ഥത , എന്നിങ്ങനെ തരംതിരിച്ച് ശേഖരിക്കും.

രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ വാര്‍ഡുകളുടെ 20 ശതമാനം സാമ്പിള്‍ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന കൈവശഭൂമിയുള്ള വ്യക്തികളില്‍ നിന്നും കൃഷിരീതി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. മൂന്നാം ഘട്ടത്തില്‍ ഏഴ് ശതമാനം സാമ്പിള്‍ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കൈവശാനുഭവ ഭൂമിയുള്ളവരില്‍ നിന്നും കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത് , വളം, കീടനാശിനി , ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നു. രണ്ടും മൂന്നും ഘട്ടങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നടക്കും.