പശ്ചിമഘട്ട നീര്‍ച്ചാല്‍ മാപ്പിങ്ങ് സംസ്ഥാനതല ഉദ്ഘാടനം 21ന്

post

നവേകരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയിലെ നീര്‍ച്ചാല്‍ മാപ്പിങ്ങ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. 21ന് ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണിക്ക് ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മപദ്ധതി 2 സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ വിഷയാവതരണം നടത്തും.

ഹരിതകേരളം മിഷന്റെയും കേരള പുനഃനിര്‍മ്മാണ പദ്ധതിയുടെയും നേതൃത്വത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. കേരള സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന മാപത്തോണ്‍ കേരളയില്‍ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണമായി കണ്ടെത്തി മാപ് ചെയ്താണ് പ്രവര്‍ത്തനം നടത്തുന്നത്. നീര്‍ച്ചാലുകളിലെ തടസ്സങ്ങള്‍ നീക്കി വീണ്ടെടുക്കുന്ന പദ്ധതിയാണ് അടുത്ത ഘട്ടമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. ഇനി ഞാന്‍ ഒഴുകട്ടെ ജനകീയ നീര്‍ച്ചാല്‍ വീണ്ടെടുപ്പിന്റെ മൂന്നാം ഘട്ടമാണ്.