ശുചിത്വകേരളത്തിനായി ഒന്നിച്ച് മുന്നോട്ട്: മുട്ടത്തറ സ്വീവേജ് പ്ലാന്റിൽ സന്ദർശനം നടത്തി നിയമസഭയിലെ കക്ഷിനേതാക്കൾ

post

മുട്ടത്തറ സ്വീവേജ് പ്ലാന്റിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി നിയമസഭയിലെ കക്ഷിനേതാക്കൾ. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ ക്ഷണപ്രകാരമാണ് മുട്ടത്തറ മലിനജല ശുദ്ധീകരണ ശാലയിൽ നേതാക്കൾ സന്ദർശനം നടത്തിയത്. നിയമസഭാ കക്ഷിനേതാക്കൾകൂടിയായ മന്ത്രി കെ. കൃഷ്ണൻ കുട്ടി, മന്ത്രി ആന്റണി രാജു, മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ എ.പി അനിൽകുമാർ, കെ.പി.എ. മജീദ്, ടി.പി രാമകൃഷ്ണൻ, ഇ. ചന്ദ്രശേഖരൻ, കെ.കെ. രമ, പ്രമോദ് നാരായണൻ, തോമസ് കെ. തോമസ്, ജോബ് മൈക്കിൾ, കെ.പി. മോഹനൻ, ഇ.കെ. വിജയൻ എന്നിവർ സന്ദർശനത്തിനെത്തി. നേതാക്കൾ മുട്ടത്തറ പ്ലാന്റിന്റെ വിശദാംശങ്ങൾ മനസിലാക്കുകയും, സംശയങ്ങൾ ചോദിച്ച് അറിയുകയും ചെയ്തു. കക്കൂസ് മാലിന്യമുൾപ്പെടെ സംസ്‌കരിക്കുന്ന മാലിന്യ പ്ലാന്റ് ചുറ്റിക്കണ്ടു. മാലിന്യനിക്ഷേപകേന്ദ്രം പൂങ്കാവനമാക്കി മാറ്റിയ ഗുരുവായൂർ നഗരസഭയിലെ അനുഭവവും ചടങ്ങിൽ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഒരുക്കാൻ എല്ലാ കക്ഷികളുടെയും പിന്തുണ മന്ത്രി എം.ബി. രാജേഷ് അഭ്യർഥിച്ചു. ഫെബ്രുവരി 4, 5, 6 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന 'ജിഇഎക്‌സ് കേരള 23' അന്താരാഷ്ട്ര ശുചിത്വ കോൺക്ലേവിന്റെ വിശദാംശങ്ങളും ചർച്ച ചെയ്തു.

തിരുവനന്തപുരം നഗരത്തിലെ കക്കൂസ് മാലിന്യമുൾപ്പെടെ മുഴുവൻ ദ്രവമാലിന്യവും കൈകാര്യം ചെയ്യുന്ന മുട്ടത്തറ പ്ലാന്റിൽ ദുർഗന്ധമോ മറ്റു പ്രശ്നങ്ങളോ ഇല്ലെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടാൻ നേതാക്കളുടെ സന്ദർശനം

സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന മുട്ടത്തറ പ്ലാന്റിന്റെ കാര്യത്തിൽ പ്രദേശവാസികൾക്ക് ആർക്കും ആക്ഷേപമില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടതാണ്. മാലിന്യ സംസ്‌കരണമല്ല, സംസ്‌കരിക്കാത്ത മാലിന്യമാണ് അപകടകരം. കേരളത്തിലെ എല്ലാ നഗരത്തിലും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുണ്ടാകണം. ജനവാസ കേന്ദ്രത്തിൽ പരാതികൾക്ക് ഇടനൽകാതെ കുറ്റമറ്റ നിലയിൽ പ്രവർത്തിക്കുന്ന മുട്ടത്തറയിലെ പ്ലാന്റ് മാതൃകയാക്കണം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുഗാർഹിക ജലസ്രോതസുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായി വർധിക്കുമ്പോൾ, മലിനജല സംസ്‌കരണ പ്ലാന്റുകൾ അനിവാര്യമാണ്.

മെയ് 31നകം സംസ്ഥാനത്ത് 10 എഫ് എസ് ടി പികൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.